
തിരുവനന്തപുരം: 400 പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ പ്രഖ്യാപനം കേന്ദ്ര ബഡ്‌ജറ്റിൽ ഉണ്ടായതിന് പിന്നാലെ സർക്കാരിന് നിർദ്ദേശവുമായി ശശി തരൂർ എം.പി. 180 കിലോമീറ്റർ വേഗതയുളള വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേക്ക് കൊണ്ടുവരികയാണെങ്കിൽ നിലവിൽ സർക്കാർ പ്രഖ്യാപിച്ച കെ റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്ന് ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആശങ്കകൾ ഇത്തരത്തിൽ കാര്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കാമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ശശി തരൂർ എം.പിയുടേ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ, കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.
വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിലേക്ക് കൊണ്ട് വരികയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാം.