
തിരുവനന്തപുരം: കൊവിഡ് മഹാമാരി കാരണം പ്രതിസന്ധികൾ നേരിടുന്ന മേഖലകൾക്ക് ആശ്വാസം പകരുന്നതല്ല കേന്ദ്ര ബഡ്ജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കേരളത്തിന്റെ ചിരകാല ആവശ്യമായ എയിംസ് അനുവദിച്ചില്ല. റെയിൽവേ സോണിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. . കെറെയിലും ബഡ്ജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ജി.എസ്.ടി നഷ്ടപരിഹാരം 5 വർഷം കൂടി നീട്ടിനൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചില്ല. 
സംസ്ഥാന സർക്കാർ ജനത്തെ 
കബളിപ്പക്കുന്നു :  വി. മുരളീധരൻ
ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പരാമർശം പോലുമില്ലെന്നിരിക്കെ സംസ്ഥാന സർക്കാർ ഇതുവരെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ച സിൽവർ ലൈൻ പദ്ധതിക്ക് ബഡ്ജറ്റിൽ പണം അനുവദിക്കണമെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി ഇന്നലെവരെ പറഞ്ഞിരുന്നത്. കേന്ദ്രം അനുമതി നൽകിയ പദ്ധതിയായിരുന്നെങ്കിൽ ബഡ്ജറ്റിൽ പണം വകയിരുത്തുമായിരുന്നു.
കേരളത്തോട് പുറം തിരിഞ്ഞ്
നിൽക്കുന്ന ബഡ്ജറ്റ്: കോടിയേരി
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊവിഡ് കാലഘട്ടത്തിൽ കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ എയിംസ് പരിഗണിക്കപ്പെട്ടില്ല.  കെ-റെയിൽ പദ്ധതി സംബന്ധിച്ച പരാമർശങ്ങളില്ല.
യാതൊന്നും ബഡ്ജറ്റിലില്ല: 
 ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകളെയെല്ലാം തകർത്ത ബഡ്ജറ്റാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊവിഡ് രൂക്ഷത ഏറുമ്പോൾ തൊഴിലില്ലായ്മ പരിഹരിക്കാൻ യാതൊരു നിർദ്ദേശവും ബഡ്ജറ്റിൽ ഇല്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 73,000 കോടിയായി വെട്ടിക്കുറച്ചു. കാർഷികമേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും മതിയായ തുക നീക്കിവച്ചിട്ടില്ല.
ജനജീവിതം കൂടുതൽ
ദുസഹമാക്കും :  സതീശൻ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതൽ ദുസഹമാക്കുന്ന നിർദ്ദേശങ്ങളാണ് കേന്ദ്ര ബഡ്ജറ്റിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.
കൊവിഡിനെ വിസ്മരിച്ചു: കെ. സുധാകരൻ
തിരുവനന്തപുരം: കൊവിഡിന്റെ പിടിയിൽ പിടയുന്ന സാധാരണക്കാരായ ജനകോടികൾക്ക് ആശ്വാസത്തിന്റെ ഒരു കിരണംപോലും കേന്ദ്ര ബഡ്ജറ്റിലില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. രാജ്യം ഇപ്പോഴും കൊവിഡിന്റെ പിടിയിലാണെന്നത് കേന്ദ്രം സൗകര്യപൂർവം വിസ്മരിച്ചു.
പ്രതിസന്ധി പരിഹാരിക്കാത്ത
ബഡ്ജറ്റ് : കാനം
തിരുവനന്തപുരം:രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബഡ്ജറ്റിലെ മിക്ക പ്രഖ്യാപനങ്ങളും പര്യാപ്തമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ പ്രസ്താവിച്ചു.കോർപ്പറേറ്റുകളെ താലോലിക്കുകയും സാധാരണക്കാരുടെടെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കുകയുംചെയ്യുന്നു. ഗ്രാമീണജനതയ്ക്ക് ഡിജിറ്റൽ സാക്ഷരത പോലുമില്ലാത്ത സ്ഥിതിക്ക് ഡിജിറ്റലൈസേഷൻ എത്രത്തോളം വിജയകരമാണെന്നത് സംശയമാണ്.
എല്ലാ മേഖലയെയും സ്പർശിക്കുന്ന
ബഡ്ജറ്റ്: കെ.സുരേന്ദ്രൻ
കോഴിക്കോട്: കുടിവെള്ളം, കൃഷി, അടിസ്ഥാനവികസനം തുടങ്ങി എല്ലാ മേഖലയെയും സ്പർശിക്കുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ  പറഞ്ഞു. രാജ്യത്തെ ആത്മനിർഭരതയിലേക്ക് നയിക്കുന്നതാണിത്. കൊവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളെയാകെ ബാധിച്ചിട്ടും കഠിനാദ്ധ്വാനത്തിലൂടെ അസാധാരണമായ തിരിച്ചുവരവിനു കഴിഞ്ഞു.
സാധാരണക്കാരെ  കളിയാക്കുന്ന
ബഡ്ജറ്റ്:  തോമസ്  ഐസക്
തിരുവനന്തപുരം: സാധാരണക്കാരെ കളിയാക്കുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്നും, കൊവിഡ് വ്യാപനം മൂലം ദുരിതത്തിലായ പാവങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.രാജ്യത്തെ ഇന്നത്തെ പ്രശ്നങ്ങൾക്ക് ഈ ബഡ്ജറ്റ് പരിഹാരമല്ല. അസമത്വം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ.
ആശ്വസിക്കാൻ ഒന്നുമില്ല :
എൻ.കെ.  പ്രേമചന്ദ്രൻ
ന്യൂഡൽഹി:നികുതി വരുമാനം ഗണ്യമായി വർദ്ധിച്ചിട്ടും സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പുതിയ പദ്ധതികളൊന്നുമില്ലാത്ത ബഡ്ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. ജനങ്ങൾക്ക് നേരിൽ പണം ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതവും രാസവസ്തു സബ്സിഡിയും ഭക്ഷ്യ സബ്സിഡിയും വെട്ടിക്കുറച്ചു.