
കൊച്ചി: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് പകരം സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകിയുള്ള ബഡ്‌ജറ്റിനെ ഓഹരിലോകം സ്വാഗതം ചെയ്‌തത് കൈയടിയോടെ. ഇന്നലെ ബഡ്‌ജറ്റിന് മുന്നേതന്നെ വലിയ നേട്ടം കൊയ്‌ത സെൻസെക്‌സും നിഫ്‌റ്റിയും ഉച്ചയോടെ കനത്ത ലാഭമെടുപ്പ് കാരണം അല്പം പിന്നോട്ടിറങ്ങിയെങ്കിലും വൈകിട്ടോടെ വീണ്ടും വൻ നേട്ടത്തിലേറി.
848 പോയിന്റ് മുന്നേറിയ സെൻസെക്‌സ് 58,862ലും 237 പോയിന്റ് നേട്ടവുമായി നിഫ്‌റ്റി 17,576ലുമാണുള്ളത്. ഒരുവേള നിഫ്‌റ്റി 17,600 പോയിന്റും സെൻസെക്‌സ് 59,000വും ഭേദിച്ചിരുന്നു. ടെക്‌നോളജിക്കും ഡിജിറ്റൽവത്കരണത്തിനും വലിയ പ്രാമുഖ്യം ബഡ്‌ജറ്റിൽ ലഭിച്ചത് ഓഹരി നിക്ഷേപകരെ ആകർഷിച്ചു. മൂലധനച്ചെലവ് കൂട്ടുമെന്ന പ്രഖ്യാപനത്തിനും കിട്ടി കൈയടി. ടാറ്റാ സ്‌റ്റീൽ, സൺഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, ശ്രീ സിമന്റ്സ്, ഹിൻഡാൽകോ എന്നിവയാണ് നേട്ടം കുറിച്ച പ്രമുഖർ.