
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാൻ അനുമതി തേടി അന്വേഷണ സംഘം ഇന്ന് ആലുവ കോടതിയിൽ അപേക്ഷ നൽകും.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ശബ്ദം പരിശോധിക്കാനാണ് അനുമതി തേടുക
ഗൂഢാലോചനയ്ക്കുള്ള സുപ്രധാന തെളിവായി ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകളിലുളളത് ദിലീപിന്റെയും മറ്റുപ്രതികളുടെയും ശബ്ദം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് പരിശോധന. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ ഫോണുകൾ കോടതി മുഖാന്തിരം ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാവും അന്വേഷണസംഘം ആവശ്യപ്പെടുക.
ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറരുതെന്നും കോടതി മേൽനോട്ടത്തിൽ പരിശോധന വേണമെന്നും പ്രതിഭാഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. പ്രതികൾക്ക് കോടതി പ്രത്യേക പരിഗണന നൽകുന്നതായി ആക്ഷേപമുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഹർജികൾ പരിഗണിക്കവെ സിംഗിൾ ബെഞ്ച് ഇന്നലെ വാക്കാൻ പറഞ്ഞിരുന്നു.