vava-suresh

കോട്ടയം: മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക്. അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. അധികം വൈകാതെ ആരോഗ്യനില മെച്ചപ്പെടുന്നതോടെ വെന്റിലേറ്ററിൽ നിന്നും മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർമാർ വ്യക്തമാക്കി. ദ്രാവക രൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. വാവ സുരേഷിന്റെ സഹോദരി ലാലി, സഹോദരൻ സത്യദേവൻ, സുഹൃത്തുക്കൾ എന്നിവരാണ് ആശുപത്രിയിലുള്ളത്.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച നാലരയോടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് തിരിഞ്ഞുകൊത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പാമ്പിന്റെ വിഷം ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാകാന്‍ 48 മണിക്കൂര്‍ വേണമെന്നും. അതുവരെ വെന്റിലേറ്റര്‍ സഹായത്തില്‍ തുടരുമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.