
കല്ലറ: മൊബൈൽ ഫോൺ മോഷണം അന്വേഷിച്ചെത്തിയ പൊലീസ്, യുവാവിനെയും വാഹനത്തെയും ഒൻപത് ലിറ്റർ വിദേശ മദ്യവുമായി പിടികൂടി. താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21 ൽ അനു. എസ് (32) ആണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത്, പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഹോട്ടലിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയിരുന്നു.തുടർന്ന് പാങ്ങോട് സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് പരിശോധന നടത്തി വരുന്നതിനിടയിലാണ് അനുവും വാഹനവും പൊലീസ് കസ്റ്റഡിയിലായത്. തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് ഒൻപത് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടുകയായിരുന്നു. കഞ്ചാവ്, മദ്യ വിപണന രംഗത്ത് സജീവമായ അനുവിനെ പിടികൂടാൻ എക്സൈസ് സംഘവും അന്വേഷണത്തിലായിരുന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.