
തിരുവനന്തപുരം: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍-ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. വനിത ശിശുവികസന വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി ഉണ്ടായത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ടുണ്ട്.
റിപബ്ലിക് ദിന പരിപാടികള്‍ക്ക് ശേഷം വൈകിട്ട് മൂന്ന് മണിയോടെ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതാകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് പേരെ മലപ്പുറത്ത് നിന്നും രണ്ട് പേരെ ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്. തങ്ങളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ മൊഴി നൽകിയതിനെ തുടർന്ന് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തിരുന്നു.