excise

കൊല്ലപ്പിള്ളി: മകനും മകളും ഉയർന്ന ജോലി, ഉന്നത സാമ്പത്തികനിലയുള്ള കുടുംബം; എന്നിട്ടും രണ്ട് പതിറ്റാണ്ടായി തുടരുന്ന അനധികൃത മദ്യവില്പന 'കൂത്താടി ലൗലി ' എന്ന ലൗലി മാത്യു നിർത്തിയില്ല.

ഇന്നലെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ഉടു തുണി ഉയർത്തിക്കാട്ടിയും ലൗലി ഒരുമ്പെടാനൊരുങ്ങി. ഇത് കണ്ടിട്ടും കൂസാതെ എക്‌സൈസ് സംഘം മുന്നോട്ടാഞ്ഞപ്പോൾ ഉടുത്തിരുന്ന തുണി പറിച്ചെറിഞ്ഞ് ലൗലി ഓടി രക്ഷപെട്ടു.

കൊല്ലപ്പള്ളിയിലെ കുപ്രസിദ്ധ മദ്യവില്പനക്കാരി 'കൂത്താടി ലൗലിയെ ' കഴിഞ്ഞ 20 വർഷത്തിനിടെ പൊലീസിനും എക്‌സൈസിനും തൊടാനായിട്ടില്ല. ഇന്നലെ എക്‌സൈസ് സംഘത്തെയും വെട്ടിച്ച് ഇവർ രക്ഷപെടുകയായിരുന്നു. ലൗലി സ്വന്തം വീട്ടിലും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും അനധികൃത മദ്യവില്പന നടത്തിവരികയായിരുന്നു എന്നാണ് പരാതി.


വിവരമറിഞ്ഞ് വനിതാ എക്‌സൈസ് ഓഫീസറടക്കം സ്ഥലത്തെത്തി. ഇവരെ കണ്ടപാടെ ആദ്യം ലൗലി ഉടുത്തിരുന്ന തുണി ഉയർത്തിക്കാട്ടുകയായിരുന്നു. ഇതുകണ്ടിട്ടും കൂസാതെ വനിതാ എക്‌സൈസ് ഓഫീസർ ഇവരെ പിടിക്കാൻ ആഞ്ഞപ്പോഴാണ് തുണിപറിച്ചെറിഞ്ഞ് ഓടി രക്ഷപെട്ടത്.

സംഭവസ്ഥലത്ത് മദ്യപിച്ചും ചീട്ടുകളിച്ചും ഇരുന്ന ഇരുപതോളം പേർ അടുത്തുള്ള തോട്ടിൽ ചാടി രക്ഷപെട്ടു. ലൗലിയുടെ വീട്ടിൽ നിന്നും 7 ലിറ്റർ വിദേശമദ്യവും 3 ലിറ്റർ വാറ്റുചാരയവും മദ്യം വിറ്റവകയിൽ സൂക്ഷിച്ചിരുന്ന 500 രൂപയും കണ്ടെടുത്തതായി പാലാ എക്‌സൈസ് അധികൃതർ അറിയിച്ചു.

അബ്കാരി ആക്ട് പ്രകാരം ലൗലിക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൗലിയുടെ വക ആളൊഴിഞ്ഞ പുരയിടത്തിൽ കഞ്ചാവ് കൈമാറ്റവും വില്പനയും നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇവിടെയുള്ള ആളൊഴിഞ്ഞ വീടുകേന്ദ്രീകരിച്ചും മദ്യവില്പന നടക്കുന്നുണ്ട്.