
ന്യൂഡൽഹി: കഴിഞ്ഞ ദിവസത്തേക്കാൾ മൂന്ന് ശതമാനം കുറഞ്ഞ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ സ്ഥിരീകരിച്ചത് 1.61 ലക്ഷം പുതിയ കൊവിഡ് കേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനത്തിൽ നിന്ന് 9.26 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനം രേഖപ്പെടുത്തി.
ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 4,16,30,885 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകമാനം 2,81,109 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 94.91 ശതമാനമാണ്. ആക്ടീവ് കേസുകളുടെ എണ്ണം 16,21,603 ആണ്. കഴിഞ്ഞ ദിവസം മാത്രം 1,733 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,97,975 ആയി.
ഇന്ത്യയിൽ വാക്സിനേഷൻ 167.21 കോടി ഡോസ് കവിഞ്ഞു. മുതിർന്ന പൗരൻമാരിൽ 75 ശതമാനം പേർ പൂർണമായും വാക്സിൻ സ്വീകരിച്ചതായും കണക്കുകൾ രേഖപ്പെടുത്തുന്നു. 15 മുതൽ 18 വരയുള്ള പ്രായക്കാരിൽ 4,71,44,423 പേർ ആദ്യ ഡോസ് വാക്സിനും 10,81,838 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിൽ 42,154 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 60,25,669 ആയി.