modi

ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റ് അവതരണം കഴിഞ്ഞയുടൻ ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങളെ അമ്പരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുശലാന്വേഷണം. സാധാരണ ബഡ്ജറ്റ് അവതരണം കഴിഞ്ഞ് എല്ലാവരും പ്രധാനമന്ത്രിയുടെ സമീപത്ത് ചെന്ന് അഭിന്ദനം അറിയിക്കാറാണ് പതിവ്. ഇക്കുറി അദ്ദേഹം തന്റെ സീറ്റിന് എതിർവശത്ത് പ്രതിപക്ഷാംഗങ്ങളുടെ ഇരിപ്പിടങ്ങളിലെത്തി ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ അടക്കമുള്ളവരുടെ തോളിൽ തട്ടി കുശലാന്വേഷണം നടത്തി. ബഡ്ജറ്റ് കഴിഞ്ഞയുടൻ രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കൾ പുറത്തുപോയപ്പോഴാണ് പ്രധാനമന്ത്രി വന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ സഭയിലെത്തിയിരുന്നില്ല.

എംപിമാർക്ക് ബഡ്ജറ്റിന്റെ ഇ-പകർപ്പ് മാത്രം നൽകുന്നത് ശരിയല്ലെന്നും ധനമന്ത്രിയുടെ പ്രസംഗമെങ്കിലും വിതരണം ചെയ്യണമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ഇലക്ട്രോണിക് പകർപ്പ് ഒരു ക്ളിക്കിൽ വായിക്കാൻ തക്കവണ്ണം എളുപ്പമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.