s-rajendran

മൂന്നാർ: ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് സിപിഎം ആണെന്ന ആരോപണവുമായി മുൻ എം എൽ എ എസ് രാജേന്ദ്രന്‍. ജാതി വിഷയം ചര്‍ച്ചയാക്കിയത് താനല്ല പാര്‍ട്ടിയാണ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

'പാർട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ള. പാർട്ടിയോട് പരമാവധി നീതി പുലർത്തി. പ്രമുഖര്‍ക്കൊപ്പം പടം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ കാര്യമായി പ്രവർത്തിച്ചു. എന്നാൽ ജില്ലാ നേതാക്കൾ തനിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകുമെന്ന് കരുതുന്നില്ല. സി പി എം എന്ന ബോര്‍ഡ് വച്ചാല്‍ മാത്രം ആളുകളെ ആകര്‍ഷിയ്ക്കാനാവില്ല. ബൂത്ത് കമ്മിറ്റികൾ പോലും കൂടാതിരുന്ന പ്രദേശങ്ങളിൽ യോഗങ്ങൾ നടത്തിയിട്ടുണ്ട്. തനിക്കെതിരായ നീക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. പുറത്താക്കലിന് പിന്നിൽ എം.എം മണി ആണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. അതിന് കാലം മറുപടി നൽകുമെന്നും' എസ് രാജേന്ദ്രന്‍ പറ‌ഞ്ഞു. തനിക്ക് സി പി ഐയിലേക്ക് പോകാൻ ആഗ്രഹമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

എസ് രാജേന്ദ്രന്റെ സസ്‌പെൻഷൻ കഴിഞ്ഞദിവസം സി പി എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നത് ഉൾപ്പെടെയുള്ള പാർട്ടി വിരുദ്ധ നടപടികളാണ് സസ്പെൻഷന്റെ കാരണമായി സിപിഎം വിശദീകരിക്കുന്നത്.