
മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനായി ഒരു നാടു മുഴുവൻ പ്രാർത്ഥനയിലാണ്. പാട്ടാശ്ശേരി സ്വദേശി നിജുവിൻെ വീട്ടിൽ നിന്നാണ് വാവയ്ക്ക് തിങ്കളാഴ്ച്ച വൈകുന്നേരം പാമ്പിൻെ കടിയേറ്റത്. കടിയേറ്റെങ്കിലും സ്വന്തം ജീവൻപോലും പണയപ്പെടുത്തി പാമ്പിനെ കുപ്പിക്കുള്ളിൽ അടയ്ച്ചതിനു ശേഷമാണ് അദ്ദേഹം ആശുപത്രിയിലേയ്ക്ക് പോകാൻ പോലും കൂട്ടാക്കിയത്.
'ഇത് സുരേഷേട്ടന്റെ ചെരുപ്പാണ്, ഇന്നലെ ആശുപത്രിയിലേയ്ക്ക് പോകും വഴി വാഹനത്തിൽ ചർദ്ദിക്കയും ബുദ്ധിമുട്ട് കാരണം പുളയുകയും ചെയ്തപ്പോൾ ഊരിപ്പോന്നതാണ് , പൂർണ്ണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചെത്തും, അന്നേരം ഞങ്ങൾ പുതിയ ഒരു ചെരുപ്പ് വാങ്ങി കൊടുക്കുന്നുണ്ട്. കൂടെ അദ്ദേഹത്തിന് ഒരു സ്വീകരണവും ഞങ്ങൾ കൊടുക്കും.' ' വാവ സുരേഷിന്റെ നീലനിറത്തിലുള്ള ചെരുപ്പ് ഉയർത്തി വേദനയോടെ നിജു പറഞ്ഞ വാക്കുകളാണിത്. നിജു പറയുന്നത് കേട്ടുകൊണ്ടിരുന്ന പാട്ടാശ്ശേരിയിലെ ഓരോ നാട്ടുകാർക്കും പറയാൻ ഒറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു ' പ്രാർഥിക്കുവാ ഞങ്ങൾ, ഒന്നും സംഭവിക്കില്ല ,ദൈവം ആരോഗ്യത്തോടെ തിരിച്ചെത്തിക്കും'. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നറിഞ്ഞപ്പോൾ അതീവ സന്തോഷത്തിലാണ് ഇവർ.
കുറിച്ചി പാട്ടാശ്ശേരിയിലെ പൊതു വഴിക്ക് സമീപമാണ് നിജുവിൻെ പിതാവ് വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്. വീടിനു സമീപം കല്ലിൻെ അടിയിൽ മൂർഖൻ ഉണ്ടെന്ന് മനസിലായതിന് ശേഷം മീൻ പിടിക്കുന്ന വല ഉപയോഗിച്ച് അവിടം മൂടിയിടുകയായിരുന്നു. പ്രളയത്തിന് ശേഷം സമീപ പ്രദേശം മുഴുവൻ പാമ്പുകളുടെ കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.