
പൗരാണികതയുടെ താഴികക്കുടങ്ങളെയും മായാത്ത ചരിത്രാവശിഷ്ടങ്ങളെയും താലോലിച്ച് ചരിത്രമുറങ്ങുന്ന ബൽജിയൻ സംസ്കാരത്തിന്റെ തൊട്ടിലുകളായ ഗെന്റ്, ബ്രൂഷ് എന്നീ നഗരങ്ങളിലൂടെയുള്ള യാത്ര
''Bruges is the belle, Ghent is the rebel""
ക്രിസ്തുമസ് ആഘോഷ രാവിന്റെ ആലസ്യത്തിൽ നിന്ന് ബ്രസൽസ് നഗരം ഉണരുന്നേയുള്ളൂ. രാത്രി പെയ്ത മഞ്ഞുമഴയിൽ ഈറനുടുത്ത തെരുവുകളിൽ ക്രിസ്മസ് ദീപങ്ങളുടെ മനോഹര ദൃശ്യം പ്രതിഫലിക്കുന്നു. പകലിന്റെ തിരക്കിലേക്ക് നഗരം മിഴി തുറക്കാൻ രാവിലെ ഒമ്പതു മണിയെങ്കിലുമാകണം. വൈകുന്നേരം നാലുമണിയോടെ ഇരുട്ടു വീണു തുടങ്ങുകയും ചെയ്യും. പൗരാണികതയുടെ താഴികക്കുടങ്ങളെയും മായാത്ത ചരിത്രാവശിഷ്ടങ്ങളെയും താലോലിച്ച് ചരിത്രമുറങ്ങുന്ന ബൽജിയൻ സംസ്കാരത്തിന്റെ തൊട്ടിലുകളായ ഗെന്റ്, ബ്രൂഷ് എന്നീ പുരാതന നഗരങ്ങളാണ് ഞങ്ങൾ ഇന്ന് സന്ദർശിക്കുന്നത്. താമസിക്കുന്ന ഹോട്ടലിനടുത്ത് തന്നെയുള്ളസിറ്റി ടൂർസിന്റെ ഓഫീസിൽ രാവിലെ 7.30 ന് തന്നെ ഞങ്ങൾ ഹാജർ. ദൂരെ തയ്യാറായി നിൽക്കുന്ന ബസിനടുത്തേക്ക് ഞങ്ങളെ നയിച്ചത് ഫ്ളാൻഡേഴ്സ് സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന സരസനും ചരിത്രത്തെക്കുറിച്ച് അഗാധജ്ഞാനമുള്ളവനുമായ സ്റ്റെഫാൻ എന്നമദ്ധ്യവയസ്ക്കനായ ഒരു ഗൈഡായിരുന്നു.ഗെന്റ് ഇവിടെ ചരിത്രമുറങ്ങുന്നു
ഫ്ളെമിഷ് ഫ്രഞ്ച് സംസ്കാരങ്ങളുടെ സങ്കലന ഭൂമികയായിരുന്നു ഷെൽറ്റ്, ലീ എന്നീ നദികളുടെ സംഗമ സ്ഥാനമായ ഗെന്റ് എന്ന തുറമുഖ നഗരം. ഈ നദികൾ നഗരത്തിന് ഒരു പോലെ അനുഗ്രഹവും ശാപവുമായി മാറിയ ചരിത്രമാണ് സ്റ്റെഫാൻ ഞങ്ങൾക്കു മുന്നിൽ അനാവരണം ചെയ്തത്. നൂറ്റാണ്ട് യുദ്ധ കാലത്ത് ഫ്രാൻസ് ഇംഗ്ലണ്ടുമായി വാണിജ്യ ബന്ധം അവസാനിപ്പിച്ചതും ഗെന്റിലെ കൗണ്ടിന് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടവുമായുള്ള ബന്ധങ്ങളാൽ സ്വകാര്യമായി കമ്പിളിയും പരുത്തിയും ഇറക്കുമതി ചെയ്തതും സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങൾക്കായി മാത്രം ഇവ വിതരണം ചെയ്തതും ചരിത്രം. പിന്നീടങ്ങോട്ട് ഈ ചരിത്രം ആവർത്തിച്ചു കൊണ്ടേയിരുന്നു.

തൊഴിലില്ലാതെ സാധാരണ ജനങ്ങൾ പട്ടിണിയായി. ദൈവാരാധനക്കുള്ള പള്ളികൾ പോലും പണക്കാരുടേതും പാവപ്പെട്ടവരുടേതുമെന്ന് വിഭജിക്കപ്പെട്ടു. നദീ തീരത്തെ ഒരു വലിയ കെട്ടിടത്തിൽ കൊക്കുരുമ്മി നിൽക്കുന്നതിനു പകരം പുറംതിരിഞ്ഞു നിൽക്കുന്ന രണ്ടു ഹംസങ്ങളുടെ ചിത്രമുണ്ട്. അതൊരു അപകടചിഹ്നമായിരുന്നു. പല രാജ്യങ്ങളിൽ നിന്നായി പട്ടണത്തിലെത്തുന്ന നാവികന്മാരുടെ കണ്ണിൽ നിന്നും അകന്നു പോകണമെന്ന് സുന്ദരികളായ തരുണികൾക്കുള്ള സൂചനയായിരുന്നുവത്രേ. നാവികരുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നു രക്ഷപ്പെടാൻ പാവപ്പെട്ട സ്ത്രീകൾ പള്ളികളിൽ കന്യാസ്ത്രീകളുടെ ഒരു പ്രത്യേക ക്ലാൻ തന്നെ ഉണ്ടാക്കി സ്വയം പ്രതിരോധം തീർക്കേണ്ടി വന്നു.
പൊറുതി മുട്ടിയ സാധാരണ തൊഴിലാളികളും പാവപ്പെട്ടവരും ബൽജിയൻ വിപ്ലവകാലത്ത് സംഘടിച്ചതും ആദ്യത്തെ സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടതും നഗരത്തിലെ പ്രധാന സ്ക്വയറിനു അഭിമുഖമായി നിൽക്കുന്ന ഏറ്റവും വലിയ കെട്ടിടം സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫീസായതും സ്റ്റെഫാൻ ഒരു ചരിത്ര സംഭവമായി ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അറിയാതെ അപ്പോഴും രണ്ടു ഡിഗ്രി തണുപ്പിൽ വിറക്കുന്ന എന്റെ മനസു തുടിച്ചു. ഇന്നും ചുവന്ന കൊടി പറക്കുന്ന ആ കെട്ടിടത്തിനു മുമ്പിൽ മുഷ്ടി ചുരുട്ടി ലോകത്തെ ആദ്യത്തെ സംഘടിത പ്രസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികൾക്ക് ഒരു നിമിഷം അഭിവാദ്യമർപ്പിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല.
പുരാതനമായ ഒരു പട്ടണത്തിന്റെ കുലീനത ഓരോ കെട്ടിടത്തിനും പറയാനുണ്ട്. ഇക്കാലമത്രയും ഈ സ്ഥാപനം ഇതേ പേരിൽ നില നിന്നു പോകാനുള്ള കാരണമാരാഞ്ഞപ്പോഴാണ് ആ കഥ സ്റ്റെഫാൻ പറഞ്ഞത്. വൂറൂട്ട് എന്ന ഫ്ളെമിഷ് വാക്കിനർത്ഥം Forward /Progress അതായത് മുന്നോട്ട് /പ്രഗതി എന്നാണ്.

സോഷ്യലിസ്റ്റാശയ സംഹിതയിൽ
അടിയുറച്ച സംഘടിത സഹകരണപ്രസ്ഥാനമായ വൂറൂട്ടിന്റെ ഓഫീസാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങൾക്കൊപ്പം ഡിപ്പാർട്ടുമെന്റു സ്റ്റോറുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പബ്ലിഷിംഗ് ഹൗസുകളുടെയും വിപുലമായ ശൃംഖല തന്നെ ഈ സഹകരണ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ ഇതേ പേരിൽ ഒരു ദിനപത്രവും പബ്ലിഷ് ചെയ്യുന്നു . മാർക്സും ഏംഗൽസും പാരീസിൽ മനുഷ്യ സ്നേഹത്തിന്റെ മഹാഗാഥകൾ രചിച്ചത് ഇതേ പേരിൽ ഉള്ള ദിനപത്രികയിലായിരുന്നു എന്നത് ഓർമയിൽ അത്ഭുതമായി. അവർ കൊളുത്തിയ ജ്വാല അണയാതെ സൂക്ഷിക്കുന്നു ... ഇന്നും.... ഫ്ളാന്റേഴ്സിലെ ഭരണാധികാരികളായ കൗണ്ടുകൾ താമസിച്ചിരുന്ന ഗ്രാവൻ സ്റ്റീൻ കൊട്ടാരം, പ്രശസ്ത ചിത്രകാരന്മാരുടെയും ശില്ലികളുടെയും മഹനീയ കലാശില്പങ്ങൾ കൊണ്ട് അലങ്കരിച്ച സെന്റ് നിക്കോളാസ്, സെന്റ് ബാവോസ് തുടങ്ങി നിരവധി പള്ളികൾ,ഫ്രൈ ഡേ മാർക്കറ്റ്, ലോകപ്രശസ്തമായ ഗന്റ് യൂണിവേഴ്സിറ്റി, ആർട്ട് മ്യൂസിയം,ഗാലറി തുടങ്ങി നിരവധി കാഴ്ചകളും അവയുടെ പിന്നിലെ ചരിത്ര കഥകളുമുണ്ട് ഗെന്റിനു നമ്മോട് പറയാൻ.
ബ്രൂഷ് ... ഒരു മഹനീയ ചിത്രകാരന്റെ ബ്രഷിൽ പിറവി കൊണ്ട ഒരു എണ്ണഛായാ ചിത്രം പോലെ മനോഹരമായ നഗരം ... ക്രിസ്തുവിനു മുമ്പ് ജൂലിയസ് സീസറിന്റെ കാലത്തോളം പഴക്കമുള്ള ഒരു പുരാതനനഗരം. 1300 കളിൽ പണി തീർത്ത പാണ്ടികശാലയും അതിനു നിർമിച്ച മണി ഗോപുരവും അതിനു ചുറ്റുമുള്ള മനോഹരനിർമിതികളും ചേർന്ന സിറ്റി സെന്റർ ആണ് ബ്രൂഷിന്റെ പ്രധാന ആകർഷണം. എന്നാൽ നദീതീരത്തെ ചതുപ്പിലുണ്ടാക്കിയ ഈ ഗോപുരം കാലപ്പഴക്കത്താൽ പിസായിലെ ഗോപുരം പോലെ അല്പം ചരിഞ്ഞു പോയിരിക്കുന്നു. എങ്കിലും ഇപ്പോഴും ഏഴു നിലകളുള്ള ഈ ഗോപുരത്തിൽ പ്രവേശിക്കാം. ഒരു ഇംഗ്ലീഷ് ഫെയറി ടേൽ പരിസരം പോലെ മനോഹരമായ ഗോഥിക് നിർമിതികളുമായി പരന്നുകിടക്കുന്ന ചെറിയ നഗരത്തിന്റെ വശ്യത ആസ്വദിക്കാം.

ചൈതന്യം നിറഞ്ഞ കാഴ്ചകൾ
ഈ നഗരത്തിലെ മിക്കവാറും എല്ലാ പഴയ കെട്ടിടങ്ങൾക്കും കുറഞ്ഞത് 700 മുതൽ 1000 വർഷത്തേ പഴക്കമുള്ളതും യുനസ്കോ ഹെരിറ്റേജ് സൈററായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതുമാണ്. അസാമാന്യ വലിപ്പവും ശരീര സൗന്ദര്യവുമാണ് ബൽജിയൻകുതിരകൾക്ക് . ഇവയെ പൂട്ടിയ രഥങ്ങളാണ് ചതുര കരിങ്കല്ലുകൾ പാകിയ ഇടുങ്ങിയ പാതകളുള്ള ഈ നഗരത്തിലെ പ്രധാന യാത്രാ വാഹനം. നഗരത്തിനു ചുറ്റുമായി കിടക്കുന്ന പ്രധാന റോഡുകളിൽ മാത്രമേ മോട്ടോർ വാഹനങ്ങൾക്കു പ്രവേശനമുള്ളൂ. അതു കഴിഞ്ഞാൽ നഗരത്തിനകത്ത് കാൽനടയായോ കുതിര വണ്ടിയിലോ മാത്രമേ പോകാനാവൂ.
മണി നാലുകഴിഞ്ഞപ്പോഴേക്കും ഇരുട്ടു പരക്കുകയും ശീതക്കാറ്റിന്റെ കാഠിന്യം വർദ്ധിക്കുകയും ചെയ്തു. തിരിച്ചു പോകുന്നതിനു മുമ്പ് സന്ദർശിച്ച ചർച്ച് ഓഫ് മൈ ലേഡിയുടെ കപ്പേളയിലെ അൾത്താരയിലാണ് മൈക്കേൽ ആഞ്ചലോയുടെ പ്രധാന ശില്പമായ മഡോണ ആന്റ് ചൈൽഡ് ഒരു നിധി പോലെ കാത്തുവച്ചിരിക്കുന്നത്. രണ്ടാം കുരിശു യുദ്ധകാലത്ത് യേശുവിന്റെ തിരുരക്തം കൊണ്ടു വന്നു സൂക്ഷിച്ച ബസലിക്ക ഓഫ് ഹോളി ബ്ലഡും ബ്രൂഷു നഗരത്തിന്റെ ചൈതന്യത്തിന് നിദാനമത്രേ... ഗോഥിക് ശൈലിയുടെ മഹനീയ മാതൃകകളായ ഈ പള്ളികളുടെ കമാനങ്ങളും ചിത്രത്തുണുകളും വിശാലമായ ചില്ലുജനാലകളുമാണ് അക്കാലത്തേ ലോക പ്രശസ്ത ചിത്രശില്പകലാകാരൻമാരുടെ കാൻവാസായത് അതു കൊണ്ടാണ് വിലമതിക്കാനാവാത്ത ഈ ചിത്രങ്ങളും ശിൽപ്പങ്ങളും ഇന്നും കേടു കൂടാതെ നിലനിൽക്കുന്നത്. അല്ലെങ്കിൽ സംരക്ഷിക്കപ്പെടുന്നത് എന്ന കാര്യം സഞ്ചാരികൾ നന്ദിയോടെ എന്നും സ്മരിക്കേണ്ടതാണ്... പള്ളികൾ ഹോട്ടലും സുഖവാസ കേന്ദ്രങ്ങളുമായി മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തെ അതിജീവിക്കാൻ ഈ മഹനീയ കലാശിൽപ്പങ്ങൾക്കു കഴിയട്ടെ.
(ലേഖകന്റെ ഫോൺ: 9400540365)