
കുട്ടികളാണ് മുതിർന്നവരേക്കാൾ വേഗത്തിലും സാമർത്ഥ്യത്തോടെയും സ്മാർട്ട് ഫോണും ഡിജിറ്റൽ ഉപകരണങ്ങളും കെെകാര്യം ചെയ്യുന്നത്. ഇപ്പോൾ അവർക്ക് പഠനവും ഒാൺലെെനിലായി. അതോടെ എപ്പോഴും ഫോണും നോക്കിയിരിക്കുന്നതെന്തെന്ന് ചോദിക്കാനുള്ള അവസരവും രക്ഷിതാക്കൾക്ക് നഷ്ടമായി. അതേസമയം ഫോൺ ദുരുപയോഗം ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനയുണ്ടായി. കൊലയാളി ഗെയിമുകളിൽപ്പെട്ട് ചില കുട്ടികൾ ആത്മഹത്യ ചെയ്യുമ്പോൾ മാത്രമാണ് കുട്ടികൾ വീണുപോയ ചതിക്കുഴികളെക്കുറിച്ച് രക്ഷിതാക്കൾ അറിയാനിടയാകുന്നത്. രസിപ്പിക്കുന്നതും നശിപ്പിക്കുന്നതുമായ ഗെയിം ആപ്പുകൾ നിലവിലുണ്ട്. ഇതൊക്കെ മനസ്സിലാക്കി സമീപിക്കാനുള്ള പക്വത കുട്ടികൾക്കില്ല. ഇതെക്കുറിച്ച് ഒരു വിദ്യാലയത്തിലും വേണ്ടത്ര ബോധവത്ക്കരണം നടത്തുന്നുമില്ല. ഒാൺലെെനിൽ നിന്നും മൊബെെൽ ഫോണുകളിൽ നിന്നും ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണ്. ബാങ്കിടപാടുകളും സാധനം വാങ്ങലും ടിക്കറ്റെടുപ്പും എന്നുവേണ്ടാ ദെെനംദിന ജീവിതത്തിന്റെ സമസ്തമേഖലകളുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും ഇപ്പോൾ മൊബെെലിലൂടെയാണ് . അതിനാൽ തട്ടിപ്പുകാർ ഒാൺലെെൻ മേഖലയിലേക്ക് തിരിയുക സ്വഭാവികം. കുട്ടികൾക്ക് ഗെയിം കളിക്കാൻ വായ്പകൊടുത്ത് കടക്കെണിയിൽ കുരുക്കുന്ന ലോൺ ആപ്പുകളെക്കുറിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് സമൂഹത്തിന്റെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട കാര്യങ്ങളാണ്. 2000രൂപ മുതൽ 10000 വരെ നിമിഷനേരം കൊണ്ട് നൽകുന്ന നിരവധി വായ്പാ ആപ്പുകളാണ് നിലവിലുള്ളത്. ഗെയിമിൽ ജയിച്ചിട്ട് പണം നൽകിയാൽ മതിയെന്ന് പ്രലോഭിപ്പിച്ചാണ് പണം നൽകുന്നത്. രക്ഷിതാക്കൾ അറിയാതെ അവരുടെ ആധാർ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കുട്ടികൾ കെെമാറിയാൽ ഉടനെ ഗൂഗിൾ പേ ഉൾപ്പെടെയുള്ള ആപ്പുകൾ ഉപയോഗിച്ച് പണം കെെമാറും. അതോടെയാണ് കുട്ടി കരുക്കിലാകും. ഗെയിമിൽ വിജയിക്കാൻ കുട്ടികൾക്ക് കഴിയില്ലെന്നത് പണം നൽകുന്നവർക്ക് നന്നായി അറിയാം. ആരുടെയും മുഖം കാണാതെ പണം കിട്ടുമെന്നതിനാൽ പണം വാങ്ങുന്നതിന് മുമ്പ് അവർ കൂടുതൽ ആലോചിക്കില്ല. പണം മടക്കികിട്ടാതെ വരുമ്പോൾ ആദ്യം ഫോണിൽ സന്ദേശം വരും. പിന്നീടത് ഭീഷണിയായി മാറും. എന്നിട്ടും പണം കിട്ടിയില്ലെങ്കിൽ ഗുണ്ടകളാവും പണം പിരിക്കാനെത്തുന്നത്. ഇതോടെയാവും രക്ഷിതാക്കൾ വിവരമറിയുക. ഭൂരിപക്ഷം കേസുകളിലും വഴക്കിനൊന്നും പോകാതെ നാണക്കേടൊഴിവാക്കാൻ പണം കൊടുത്ത് തലയൂരുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്.
ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളാണ് കുട്ടികൾക്ക് നൽകുന്നത്. ഇതിനാകട്ടെ 20 മുതൽ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയാണ് ഇൗടാക്കുന്നത്. കൂടാതെ 25ശതമാനം വരെ പ്രോസസിംഗ് ചാർജ്ജും ഇൗടാക്കും. ചുരുക്കിപ്പറഞ്ഞാൽ വായ്പയുടെ ഇരട്ടിയിലധികം തിരിച്ചടക്കേണ്ടി വരും. അതിനു പുറമേ ഗുണ്ടകൾക്ക് അവർ കൊടുത്ത പണവും വായ്പക്കാരൻ നൽകേണ്ടി വരും. ഗൂഗിൾ പ്ളേസ്റ്റോറിൽ നിരവധി ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ നാമമാത്രമായതിനു മാത്രമെ റിസർവ് ബാങ്കിന്റെ അംഗീകാരമുള്ളൂ. അംഗീകാരമില്ലാത്തവയെ തടയാൻ സർക്കാർ നിയമം കൊണ്ടുവരികയും കണ്ടുപിടിക്കപ്പെട്ടാൽ കനത്ത ഫീസ് ചുമത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ കൊച്ചിയിൽ ഇത്തരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ രക്ഷിതാക്കൾ നിയമസഹായം തേടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. കൂടുതൽ രക്ഷിതാക്കൾ രംഗത്തുവന്നാൽ തട്ടിപ്പുകാർ തലവലിക്കും. ഇത്തരം തട്ടിപ്പുകാർക്കെതിരെ പൊലീസിന്റെ സെെബർ സെല്ലും ജാഗ്രത പുലർത്തണം.