
ലക്നൗ: ബി ജെ പിയുടെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തന്റെ പാർട്ടിയിലെ സഹപ്രവർത്തകനോട് ബി ജെ പിയിൽ ചേരാൻ ആവശ്യപ്പെട്ടുവെന്നും ഹേമാമാലിനിയെ പോലെയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും രാഷ്ട്രീയ ലോക് ദൾ (ആർ എൽ ഡി) നേതാവ് ജയന്ത് ചൗധരി. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജയന്ത് ചൗധരി ഇക്കാര്യം വെളിപ്പെടുത്തിയത്.
തനിക്ക് ഹേമാമാലിനിയെപ്പോലെ ആകേണ്ടന്നും തന്നോട് ബി ജെ പിയ്ക്ക് പ്രത്യേകിച്ച് താത്പര്യങ്ങളൊന്നുമില്ലെന്നും ജയന്ത് ചൗധരി പറഞ്ഞു. മാത്രമല്ല കർഷക സമരത്തിനിടെ നിരവധി കർഷകർ മരണമടഞ്ഞതിന്റെ പേരിലും ചൗധരി ബി ജെ പിയെ രൂക്ഷമായി വിമർശിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് ലെഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ബി ജെ പിക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവായ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു.
'मुझे नहीं बनना हेमा मालिनी' ~ चौधरी जयंत सिंह@jayantrld pic.twitter.com/Bbk2o7cbVQ
— Rashtriya Lok Dal (@RLDparty) February 2, 2022
തിരഞ്ഞെടുപ്പിന് മുന്നോടിയായി ആർ എൽ ഡി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ അമിത് ഷാ പരിഹസിച്ചിരുന്നു. ഉത്തർപ്രദേശിലെ ജാട്ട് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ജയന്ത് ചൗധരി തെറ്റായ വീട് തിരഞ്ഞെടുത്തു എന്നാണ് അമിത് ഷാ പരിഹസിച്ചത്. ഇതിന് പിന്നാലെയാണ് ബി ജെ പിയെ തള്ളിപ്പറഞ്ഞ് ചൗധരി രംഗത്തുവന്നത്. ജാട്ട് സമുദായ നേതാക്കൾ ജയന്ത് ചൗധരിയോട് സംസാരിക്കണമെന്നും ബി ജെ പിയുടെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുമെന്നും ബി ജെ പി എംപിയായ പർവേശ് വെർമയും അറിയിച്ചിരുന്നു.
സമാജ്‌വാദി പാർട്ടിയുമായുള്ള ബന്ധം സൂചിപ്പിക്കുന്നതിനായി അഖിലേഷ് യാദവും ചൗധരിയും കഴിഞ്ഞ ജനുവരി 28ന് സംയുക്ത പത്രസമ്മേളനം വിളിച്ചുചേർക്കുകയും ബി ജെ പിക്കെതിരെ ജാഗ്രത പാലിക്കാൻ കർഷകരോട് നിർദേശിക്കുകയും ചെയ്തിരുന്നു. ആർഎൽഡി-എസ്പി സഖ്യം ദൃഢമാണെന്നും അവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.