
കൊച്ചി: കൊതുകിനെ കൊന്ന് കൊണ്ടുവന്നാൽ ഉചിതമായ പ്രതിഫലം നൽകും. വലിപ്പത്തിനനുസരിച്ച് അഞ്ച് പൈസ മുതൽ 50 പൈസ വരെയാണ് നൽകിയത്. കൊച്ചിയിൽ കൊതുകുശല്യം രൂക്ഷമായെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസാണ് കൊതുകിന് വില നൽകിയത്. സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് കൊതുകുകളെ കൈമാറാനും നിരവധി പേർ എത്തിയിരുന്നു. യൂത്ത് കോൺഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം.
നഗരത്തിൽ കൊതുകുശല്യം അതിരൂക്ഷമാണ്. രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും കൊതുകുശല്യം ഇല്ലാതാക്കാനുള്ള ഫോഗിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ വേണ്ടരീതിയിൽ ഇല്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. പേരിനുവേണ്ടി മാത്രമാണ് ഓടകളിൽ മരുന്ന് തളിക്കുക.
കൊതുകുശല്യത്തിനെതിരെയുള്ള അധികൃതരുടെ നിസംഗതയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസങ്ങളിലും വ്യത്യസ്ത പ്രതിഷേധങ്ങൾ കൊച്ചിയിൽ അരങ്ങേറിയിരുന്നു. മട്ടാഞ്ചേരിയിൽ കൊതുകുപിടിത്ത മത്സരം അരങ്ങേറിയപ്പോൾ കോർപ്പറേഷനിലെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ കൊതുക് ബാറ്റുകളേന്തി തിരുവാതിര കളി നടത്തിയാണ് പ്രതിഷേധിച്ചത്.