
മുള്ളും മുരടും മൂർഖൻ പാമ്പുമുള്ള വഴികളിലൂടെ വെച്ചൂർ പശുക്കളെ തേടിഡോ. ശോശാമ്മ ഐപ്പും വിദ്യാർത്ഥികളും നടന്നുതീർത്ത ദൂരം അതികഠിനമായിരുന്നു. എതിർപ്പുകളുടെ വലിയ കോട്ട കെട്ടി ആ ഉദ്യമത്തിന്റെ വഴിമുടക്കാൻ പലരും ശ്രമിച്ചു. മനക്കരുത്ത് കൊണ്ടായിരുന്നു ആ അഗ്നിപരീക്ഷകളെ വെച്ചൂരമ്മ നേരിട്ടത്. ആ തീക്ഷ്ണ യാത്രയ്ക്കുള്ള അംഗീകാരമാണ് പത്മശ്രീ പുരസ്കാരം
ഗ്രാമീണ കുടുംബത്തിന് ഒരു വെച്ചൂർ പശു മതി. ആവശ്യത്തിന് പാൽ കിട്ടും. പരിപാലിക്കാൻ എളുപ്പം. ചെലവ് കുറവ്. ഒന്നിലധികമുണ്ടെങ്കിൽ പാൽ വിൽക്കുകയും ചെയ്യാം. സങ്കരയിനങ്ങളേക്കാൾ പ്രതിരോധശേഷിയുണ്ട്. കേരളത്തിന്റെ കാലവസ്ഥക്ക് ഇണങ്ങിയതാണ്. നാട്ടുകാലികളെ സംരക്ഷിക്കാൻ ഇന്ത്യൻ ഗവേഷണ കൗൺസിൽ രംഗത്തിറങ്ങും മുമ്പേ ഇതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട ഒരു ടീച്ചറമ്മയുണ്ട്, തൃശൂർ മണ്ണുത്തി ഇന്ദിരാനഗറിൽ; ഡോ. ശോശാമ്മ ഐപ്പ്.
കേരളത്തിന്റെ തനത് ഇനമായ വെച്ചൂരിന്റെ കുലം മുടിയുന്നത് കണ്ട് ഉള്ളവയെ കണ്ടത്തത്താനായി നാടൊട്ടുക്കും അവർ 'ഗോ"വേഷണം നടത്തിയ ആളാണിത്. ഗോവേഷണമെന്നാൽ സംസ്കൃതത്തിൽ പശുക്കളെ അന്വേഷിക്കുകയെന്ന് അർത്ഥം. തെരച്ചിലിൽ ശിഷ്യരും പങ്കാളികളായി. മുള്ളും മുരടും മൂർഖൻ പാമ്പുമുള്ള വഴിയികളിലൂടെ വെച്ചൂരമ്മയും കുട്ട്യോളും നടന്നു കയറിയത് പത്മശ്രീ അംഗീകാരത്തിലേക്കാണ്. അവർക്കൊപ്പം നിഴൽ പോലെയുണ്ടായിരുന്നു, അഞ്ച് കൊല്ലം സ്നേഹിതനും 57 കൊല്ലം ജീവിതപങ്കാളിയും വെറ്ററിനറി കോളേജ് അദ്ധ്യാപകനുമായിരുന്ന ഡോ. എബ്രഹാം വർക്കി. ഏതോ ഒരു ലോകത്തിലിരുന്ന് അദ്ദേഹം ഇപ്പോൾ അനുഗ്രഹം ചൊരിയുന്നുണ്ടാകുമെന്ന് ശോശാമ്മയ്ക്കറിയാം. പോരാട്ടത്തിന്റെ ദിനരാത്രങ്ങളിലൂടെയായിരുന്നു അവരുടെ യാത്ര.

മറക്കാത്ത 1989 ജൂലൈ 26
ആ ദിവസം ഡോ. ശോശാമ്മയും വിദ്യാർത്ഥികളും ഒരു വെറ്ററിനറി ആംബുലൻസിലും ജീപ്പിലുമായി വെച്ചൂർ, അയ്മനം ഭാഗത്തേക്ക് പുറപ്പെട്ടു. തിരിച്ചെത്തുമ്പോഴേയ്ക്ക് തൊഴുത്ത് ഒരുക്കാനുള്ള തത്രപ്പാടിലായിരുന്നു മുപ്പതിലധികം വിദ്യാർത്ഥികൾ. പഴയ തൊഴുത്തിന് പുനർജന്മം നൽകുകയായിരുന്നു അവർ. ആദ്യം വച്ചുപിടിച്ചത് അയ്മനത്തേയ്ക്ക്. രണ്ടുവീടുകളിൽ നിന്ന് രണ്ടു പശുക്കളെയും ഒരു കാളയെയും കയറ്റി ഓണന്തുരുത്തിലെത്തി ചിന്നമ്മയുടെ പശുവിനെ വാങ്ങി. മൂന്നംഗ കമ്മിറ്റിക്കാണ് 'പർച്ചേസ്" ചുമതല. അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് പശുക്കളെ പിടിയ്ക്കുന്നതും വണ്ടിയിൽ കയറ്റുന്നതും. വൈക്കത്തെ മനോഹരന്റെ വീട്ടിൽ നിന്ന് ഒരു പശുവിനെയും കുട്ടിയെയും കയറ്റി അദ്ദേഹത്തിന്റെ ഭാര്യാവീട്ടിലേയ്ക്ക് പോയി. അവിടെ മനോഹരന്റെ പശുവിന്റെ അനുജത്തിയെ സ്വന്തമാക്കി. അങ്ങനെ എട്ടെണ്ണത്തിനെ കിട്ടി. വിദ്യാർത്ഥികളിൽ ചിലരും പ്രൊഫ. കെ. പവിത്രനും തമിഴ്നാട്ടിലെ ഗവേഷണവിദ്യാർത്ഥി ജെ.രാധാകൃഷ്ണനും ഉൾപ്പെടുന്ന സംഘം മണ്ണുത്തിയിലെത്തിയപ്പോൾ കുട്ടികൾ തൊഴുത്തിന്റെ ചുവരുകൾക്ക് വെള്ളയടിക്കുന്നു. നാല് മുതിർന്ന പശുക്കളും മൂന്നു കിടാക്കളും ഒരു കാളയും പുറത്തിറങ്ങി. അപ്പോഴേയ്ക്ക് കിഴക്ക് വെള്ള വീശിയിരുന്നു. പുതിയ പ്രഭാതം. പുതിയ ഉണർവ്. ചരിത്രമുഹൂർത്തം. എട്ടിൽ നിന്ന് നൂറെണ്ണം വരെയായി പെരുകിയ വെച്ചൂർ സംരക്ഷണ പദ്ധതിയുടെ അനൗപചാരികമായ തുടക്കമായിരുന്നു അത്.

ചാവാലിയാണോ വെച്ചൂർപ്പശു?
രാവിലെ തന്നെ വെച്ചുർപ്പശുവിനെ കാണാൻ ആളുകളെത്തി. ഈ ചെറിയ ചാവാലിയാണോ വെച്ചൂർപ്പശു? ഹേയ്, ഇത് വെച്ചൂരല്ല. നാനാതരം അഭിപ്രായങ്ങൾ. പത്രക്കാരെത്തി. വാർത്തകൾ വന്നു. സന്ദർശകരുടെ തിരക്കായി. കുറച്ച് പാൽ തരുന്ന വെച്ചൂർ പശുവിനെ സംരക്ഷിക്കുന്നത് അന്ന് ഒരു ഭ്രാന്തൻ ആശയമായിരുന്നു. അപ്പോൾ വെച്ചൂരിനെപ്പറ്റി ലഘുലേഖ പുറത്തിറക്കി. അതിൽ പറഞ്ഞ കാര്യങ്ങൾ ഇന്ന് നടപ്പായി. കേരളത്തിലും മറ്റ് സംസഥാനങ്ങളിലുമായി കർഷകരുടെ പക്കൽ ഇന്നുള്ളത് പതിനായിരത്തോളം വെച്ചൂർ പശുക്കൾ. ഒരു വീട്ടമ്മയുടെ നേതൃത്വത്തിൽ നടന്ന 'വെച്ചൂർ വിപ്ലവം".
അന്വേഷിച്ചാൽ കുറേക്കൂടി പശുക്കളെ കിട്ടുമെന്നു തോന്നി. അങ്ങനെ അനിൽ സക്കറിയയെ കൂടാതെ ടീച്ചറുടെ സംഘത്തിലെ അജിത്ത്, കെ.സി ജയൻ, ജയൻ ജോസഫ്, ജി. സുനിൽ, വിനോദ്, സജി ജോസഫ്, ജസ്റ്റിൻ ജേക്കബ്, എൻ. ജയദേവൻ, തിരുപ്പതി വെങ്കിടാചലം എന്നിവരെല്ലാം അന്വേഷിച്ചു. ഒൻപതാമത്തെ പശുവിനെ തലയോലപ്പറമ്പിൽ നിന്ന് കിട്ടി. കുര്യച്ചനെന്ന വിദ്യാർത്ഥി പട്ടിമറ്റം മൂലമറ്റം ഭാഗങ്ങളിൽ അന്വേഷിച്ചപ്പോൾ വെച്ചൂർ കാളയെ കിട്ടി. വംശവർദ്ധന ഉറപ്പായി. ഈ യജ്ഞത്തിൽ ധാരാളം പേർ പങ്കാളികളായി. ഒരു വണ്ടി ഉരുക്കളുമായി ശോശാമ്മയും കുട്ട്യോളും പിന്നെയും മണ്ണുത്തിയിലെത്തി. കുട്ടികൾ വിളിച്ചു പറഞ്ഞു, ബംബറടിച്ചേ...

പൂവ് കൊതിച്ചു ; പൂക്കാലം കിട്ടി
തുടർ സംരക്ഷണത്തിനുള്ള വെച്ചൂർ പശുക്കളെ കിട്ടുമെന്ന് ഉറപ്പായപ്പോൾ വെറ്ററിനറി കോളേജിന്റെ അന്നത്തെ ഡീൻ രാധാകൃഷ്ണ കൈമൾക്ക് ശോശാമ്മ പദ്ധതി സമർപ്പിച്ചു. കണ്ടെത്തിയ എട്ടെണ്ണത്തിനെ വാങ്ങാനും ഒരു വർഷത്തെ ചെലവിനുമായി 25,000 രൂപ ആവശ്യപ്പെട്ടു. അദ്ദേഹം അംഗീകരിച്ചു. അടുത്തതായി വൈസ് ചാൻസലറും മറൈൻ ബയോളജിസ്റ്റുമായ ഇ.ജി സൈലാസിന്റെ അംഗീകാരം നേടലായിരുന്നു. ചങ്കിടിപ്പോടെ നിൽക്കുന്ന ശോശാമ്മയോട് ''പശുക്കൾക്ക് തീറ്റയ്ക്കുള്ള പണം ചേർത്തില്ലേ?"" എന്നായി. വി.സി. ഫാമിലെ പശുക്കൾക്ക് വാങ്ങുന്നതിൽ നിന്ന് എടുക്കാമെന്ന് ശോശാമ്മ. അത് ബുദ്ധിമുട്ടാണെന്നും ആ തുകയും ചേർത്ത് അന്നു തന്നെ പദ്ധതി തരണമെന്നായി നിർദ്ദേശം. താമസസ്ഥലത്തേക്ക് വെസ്പാ സ്കൂട്ടറിലിരുന്ന് എബ്രഹാം വർക്കിയോടൊപ്പം പാഞ്ഞു. 65,000 രൂപയുടെ പ്രൊപ്പോസൽ വി.സിക്ക് നൽകി. നടപടിക്രമം നോക്കാതെ അദ്ദേഹം അംഗീകരിച്ചു. അങ്ങനെ പിറന്നു, വെച്ചൂർ ഭാഗ്യം! വെച്ചൂർ പദ്ധതിയുടെ ഉപജ്ഞാതാവിന്റെ പിറവിയും.
പോരാട്ടത്തിന്റെ നാൾ വഴികൾ
വെച്ചൂർ പശുക്കളുടെ തിരച്ചിലിന് കാരണമായ ഒരു സംഭവമുണ്ട്. പ്രകൃതിസംരക്ഷണത്തിൽ താത്പര്യമുള്ള വിദ്യാർത്ഥികൾ ടീച്ചറുമായി അന്നത്തെ പ്രകൃതിസംരക്ഷണ വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു. സുഗതകുമാരിയുടെ നേതൃത്വത്തിൽ നടന്ന സൈലന്റ് വാലി സമരം അവരെ ആവേശം കൊള്ളിച്ചിരുന്നു. പണ്ട് ധാരാളം വെച്ചൂർ പശുക്കളുണ്ടായിരുന്ന കഥയും ഇപ്പോൾ അവയെ കാണാനില്ലെന്ന ദുഃഖവും പങ്കുവച്ചു. അന്വേഷിച്ചു നോക്കാമെന്നായി വിദ്യാർത്ഥികൾ. അവരുടെ കൂട്ടത്തിൽ അനിൽ സക്കറിയ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തി, ആദ്യത്തെ വെച്ചൂർ പശുവിനെ കണ്ടെത്തി. പദ്ധതി തുടങ്ങിയപ്പോൾ സർവകലാശാലയ്ക്കുള്ളിൽ അപസ്വരങ്ങൾ ഉയർന്നു. സങ്കരയിനങ്ങളിലൂടെ 'ധവളവിപ്ലവം" നടത്താൻ ലക്ഷ്യം വച്ചവർ പാരപ്പണി തുടങ്ങി. 'നമുക്കും കിട്ടണം പാൽ" എന്നതു മാത്രമായിരുന്നു അവരുടെ നീതി. താരതമ്യേന പാൽ കുറവുള്ള വെച്ചൂരിനെന്തിന് പദ്ധതിയെന്ന ചോദ്യവും. ജോലിയിൽ കണിശക്കാരിയായ അഴിമതിയില്ലാത്ത ടീച്ചറോട് 'തത്പരകക്ഷികൾ" ക്ക് എതിർപ്പുണ്ടായി. ഉദ്യോഗസ്ഥരുടെ തൊഴുത്തിൽക്കുത്തിൽ ചില സർവീസ് സംഘടനകളും കക്ഷി ചേർന്നു. ഇന്ത്യയിലാദ്യമായി തുടങ്ങിയ വെച്ചൂർ പദ്ധതിക്കെതിരെ അവർ പട നയിച്ചു. ടീച്ചറുടെ വീട്ടിൽ സഹായികളായി വരുന്ന വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞു. പശുക്കൾ ശുദ്ധ വെച്ചൂരല്ലെന്നുമായി.

ഒടുവിൽ പേര് എഴുതിച്ചേർത്തു
അതിനിടെ ഗോശാലയിലെ പശുക്കൾ വിഷം തീണ്ടി ചാവാൻ തുടങ്ങി. പല സമയങ്ങളിലായി 28 എണ്ണം. അതിന് പിന്നിലും തത്പരകക്ഷികളായിരുന്നു. ഫോറേറ്റ് കലർന്ന പുല്ല് തിന്നതാണ് കാരണം. പുൽച്ചെടികൾക്ക് ചുവട്ടിൽ വിഷമൊഴിച്ച് അവർ ഒളിപ്പോര് തുടർന്നു. പൊലീസ് കേസായി. ടീച്ചറെ സ്ഥലം മാറ്റി. അവരെ മാറ്റി നിറുത്തി അന്വേഷിക്കാനുള്ള ഉത്തരവിന് ടീച്ചർ സ്റ്റേ വാങ്ങി. അന്ന് എസ്.പി ആയിരുന്ന ബി. സന്ധ്യ സത്യസന്ധമായി അന്വേഷിച്ചു. വെച്ചൂരിന്റെ ജീൻ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചെന്ന കഥയും ചിലർ മെനഞ്ഞു. നിയമ പോരാട്ടത്തിനൊടുവിൽ സത്യം തെളിഞ്ഞെങ്കിലും വെച്ചൂർ പശു സംരക്ഷണത്തേക്കാൾ സമയം എതിർപ്പുകളെ നിർവീര്യമാക്കാൻ ടീച്ചർക്ക് പൊരുതേണ്ടി വന്നു. ഒടുവിൽ ഇന്ത്യയിലെ 26 തനത് ബ്രീഡുകളിൽ ഒന്നായി വെച്ചൂർ പശുവിന്റെ പേരും എഴുതിച്ചേർക്കപ്പെട്ടു. കുട്ടനാട്ടിൽ കുടുംബവേരുകളുള്ള ശോശാമ്മ നിരണത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യു.സി കോളേജിലും തൃശൂർ വെറ്ററിനറി കോളേജിലും പഠിച്ചു. നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൃഗപ്രജനന ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. കാർഷിക സർവകലാശാലയിലെ ജനറ്റിക്സ് ആൻഡ് അനിമൽ ബ്രീഡിംഗ് വകുപ്പ് മേധാവിയായി വിരമിച്ചു. വെറ്ററിനറി കോളേജിലെ സർജറി പ്രൊഫസറും ഭർത്താവുമായ പരേതനായ ഡോ. എബ്രഹാം വർക്കിയുടെ പിന്തുണ വിജയത്തിന് സഹായകമായി. മക്കൾ: ഡോ. റെബേക്ക വർഗീസ് (യു.എസ്.എ), ജോർജ് എബ്രഹാം (സിവിൽ എൻജിനിയർ, ടൊറൊന്റോ). 2001ൽ വിരമിച്ചെങ്കിലും വെച്ചൂരിനായി ഇന്നും പ്രവർത്തനനിരതയാണ് വെച്ചൂരമ്മ.