madhu-murder

അട്ടപ്പാടി: മോഷണം നടത്തിയെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കൾ ചേർ‌ന്ന് തല്ലിക്കൊന്ന മധുവിന്റെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കേസ് നടത്തിപ്പിൽ നിയമോപദേശം നൽകാൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി നന്ദകുമാറിനോടാണ് കുടംബം ഈ അവശ്യം ഉന്നയിച്ചത്. നിയമോപദേശം നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തന്നെയാകും കേസ് നടത്തുക.

മധുവിന്റെ കൊലപാതക കേസ് കഴിഞ്ഞ ആഴ്ച കോടതി പരിഗണിച്ചപ്പോൾ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മധുവിന്റെ വീട്ടുകാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ രംഗത്തെത്തിയത്. കേസ് സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ വി ടി രഘുനാഥ് ഇതിനിടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്നുള്ള കാരണമെന്നാണ് അഡ്വ. വി ടി രഘുനാഥ് പറഞ്ഞത്. തനിക്കെതിരെ സംശയമുയര്‍ന്ന സാഹചര്യത്തില്‍ ഇനി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തുടരുന്നതില്‍ താല്‍പര്യക്കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തോട് മൂന്ന് പേരുകൾ നിർദേശിക്കാൻ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കുടുംബം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.