
അടച്ചുറപ്പുള്ളൊരു വീട് ആരും ആഗ്രഹിച്ചു പോകും. ഇഴജന്തുക്കൾ കയറാത്ത, മഴയും തണുപ്പും വിനയാകാത്ത വീട്. അതൊരിക്കലും അത്യാഗഹമല്ല- ലക്ഷ്മിക്കുട്ടിയമ്മ എപ്പോഴും പറയുമായിരുന്നു. അത് ഒറ്റനിലയായാലും മൂന്നുനിലയായാലും ഓലമേഞ്ഞതായാലും പുല്ലുമേഞ്ഞതായാലും ഒരു പോലെ. പ്രകാശിക്കുന്ന ഒരു നിലവിളക്ക് പോലെയാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ സ്നേഹവും പുഞ്ചിരിയും. പേരും രൂപവും സ്വഭാവവും എങ്ങനെ ഒത്തുചേർന്നു എന്ന് ചിലരെങ്കിലും സംശയിക്കും. അടുത്തറിയാവുന്നവർക്ക് ആ സംശയമേ ഉണ്ടാകില്ല.
രൂപസൗകുമാര്യം ആവോളമുണ്ടെങ്കിലും അതിൽ വലിയ കാര്യമില്ലെന്ന പക്ഷക്കാരിയാണ് ലക്ഷ്മിക്കുട്ടി. ലോക ക്ളാസിക്കുകളൊക്കെ വായിച്ചിട്ടുണ്ട്. പ്രായോഗികബുദ്ധിയുടെ മുന്നിലാണ് നിരീക്ഷണബുദ്ധി. ലോകം കണ്ട എത്ര സുന്ദരൻമാരെ പിൽക്കാലം ഓർമ്മിക്കുന്നു. ജീവിച്ചിരുന്നപ്പോൾ യുവാക്കളെ ഹരം പിടിപ്പിച്ച എത്ര സുന്ദരിമാർ കാലാന്തരത്തിൽ സ്മരിക്കപ്പെടുന്നു- ലക്ഷ്മിക്കുട്ടിയമ്മയുടെ ചോദ്യം കേട്ട് പലരും അതിശയിച്ചുപോകും. കോടീശ്വരനും ധനാർത്തി തീരുന്നില്ല. ആയുധം കൊണ്ട് ലോകം വെട്ടിപ്പിടിച്ചവനും ഇതുതന്നെ ധാരാളം എന്നും ചിന്തിക്കുന്നില്ല. സുന്ദരൻമാരും സുന്ദരികളും തങ്ങളുടെ സൗന്ദര്യം പൂർണമാണെന്ന് അഹങ്കരിക്കരുത്.
ലോകത്തെ ഏറ്റവും സുന്ദരമായ ക്ളാസിക് കൃതികൾ രചിച്ചവരും ചിത്രങ്ങൾ വരച്ചവരുമൊന്നും സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായിരുന്നില്ല. മഹാഭാരതത്തിലില്ലാത്തതൊന്നും ലോകത്തില്ല എന്ന് ഉദ്ഘോഷിച്ച മഹാഭാരതം ചമച്ച വ്യാസൻ സുന്ദരനായിരുന്നില്ല. ആ ബാഹ്യരൂപത്തെ അറപ്പോടെയും വെറുപ്പോടെയും കണ്ണടച്ചു കണ്ട സ്ത്രീകളിൽ നിന്നല്ലേ അന്ധനായ ധൃതരാഷ്ട്രരും പാണ്ഡുവും പിറന്നത്. ആദികാവ്യ കർത്താവ് കാട്ടാളനിൽ നിന്ന് ദേവത്വം പ്രാപിച്ച മഹാനായ വാല്മീകി സുന്ദരനായിരുന്നില്ല.
നോത്രദാമിലെ വിക്ടർ ഹ്യൂഗോയുടെ മാനസ പുത്രനായ ക്വാസി മൊദോപള്ളി കാവൽക്കാരൻ വൈരൂപ്യത്തിന്റെ പ്രതീകം. പക്ഷേ, ആ കഥാപാത്രത്തിന്റെയും കൃതിയുടെയും ഏഴയലത്ത് എത്തുന്ന എത്ര കൃതികളുണ്ട്. ലോകത്ത് അതേപോലെ അനശ്വരത കൈവരിച്ചവ.
മനുഷ്യേതിഹാസമായ യുദ്ധവും സമാധാനവും രചിച്ച ലിയോ ടോൾസ്റ്റോയി സുന്ദരനായിരുന്നില്ല. നല്ലൊരു മുഖം കിട്ടാൻ എന്തും കൊടുക്കാൻ തയ്യാറായിരുന്നു പാവം ടോൾസ്റ്റോയി. വെളുത്തവർ, കറുത്തവർ, കുലമഹിമക്കാർ, കുലം കുത്തികൾ, ഉയരമുള്ളവർ, പൊക്കമില്ലാത്തവർ, കൂടിയ ജാതി, കുറഞ്ഞ ജാതി എന്നൊക്കെയുള്ള ശരാശരി മനുഷ്യൻ ചമച്ചു വച്ച അളവുകോലുകൾ നോക്കി പ്രകൃതിയും ദൈവവും ചിരിക്കുന്നുണ്ടാകും. വെറും ചിരിയല്ല, പൊട്ടി പൊട്ടിയുള്ള ചിരി. മാമരക്കൊമ്പിലെ പച്ചില തിന്നുന്ന ജിറാഫും ശക്തമായ കാറ്റിൽ പറന്നു പോകുന്ന ഉറുമ്പും പുള്ളിക്കാരന് ഒരു പോലെ. ലക്ഷ്മിക്കുട്ടിയമ്മയുടെ വ്യാഖ്യാനം അങ്ങനെ നീളും. പിന്നെയും സംശയിച്ചു നിൽക്കുന്നവരോട് ഒരു ചോദ്യവും ചോദിക്കും. നവരത്നങ്ങൾ ഓരോന്നിനും ഓരോ നിറമല്ലേ. അതിലേതാണ് സുന്ദരനും സുന്ദരിയും. ഉത്തരം കിട്ടാതെ കേൾവിക്കാരുടെ നെറ്റിചുളിയും.
(ഫോൺ : 9946108220)