shah

ലക്‌നൗ: രാജ്യത്തെ സുപ്രധാനമായ യു.പി തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ഏതാനും ദിവസങ്ങളെ ബാക്കിയുള‌ളൂ. മുൻ സർക്കാരുകളെ വിമർശിച്ച് ബിജെപി നേതാക്കളും യോഗി സർക്കാരിനെതിരെ ആരോപണങ്ങളുമായി എസ്.പി, കോൺഗ്രസ് നേതൃത്വവും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ്.

മൻമോഹൻ സിംഗ് സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ കടന്നാക്രമണമാണ് ഇതിൽ ഏറ്റവും പുതിയത്. 'കോൺഗ്രസ് സർക്കാർ രാജ്യം ഭരിച്ച 10 വർഷത്തിനിടെ പാകിസ്ഥാൻ നമ്മുടെ രാജ്യത്ത് കടന്നുകയറ്രം നടത്തി.നമ്മുടെ ജവാന്മാരുടെ തലവെട്ടിയെടുത്തു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അനങ്ങിയില്ല. എന്നാൽ ഉറിയിലും പുൽവാമയിലും നടന്ന ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വെറും 10 ദിവസം കൊണ്ട് സർജിക്കൽ സ്‌ട്രൈക്ക് നടത്തി തീവ്രവാദികളെ ഇല്ലാതാക്കി.' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷാ പറഞ്ഞു.

യു.പി ഭരണതുടർച്ചയ്‌ക്കായി ബിജെപി ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. ഇത് മൂന്നാം ഘട്ട പ്രചാരണമാണ് അമിത് ഷാ ഉത്തർ പ്രദേശിൽ നടത്തുന്നത്. സമാജ്‌വാദി പാർട്ടിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. 'ഇപ്പോൾ ക്രിമിനലുകൾ മൂന്നിടങ്ങളിലാണ്. ഒന്നുകിൽ യു.പിയ്‌ക്ക് പുറത്ത് അല്ലെങ്കിൽ ബുദാവുൻ ജയിലിൽ അതല്ലെങ്കിൽ എസ്‌പിയുടെ സ്ഥാനാർത്ഥിയായിട്ട്.' ഷാ പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായി ഫെബ്രുവരി 10 മുതലാണ് ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10,14,20,23,27, മാർച്ച് 3,7 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10നാണ്.

#WATCH| When Congress governed for 10yrs, Pakistan invaded our country & beheaded our jawans. Then PM Manmohan Singh didn't do anything. But after Uri & Pulwama attacks, PM Modi eliminated terrorists in Pakistan with a surgical strike in 10 days: Home Min Amit Shah, in Atrauli,UP pic.twitter.com/bTPyJcM8Jo

— ANI UP/Uttarakhand (@ANINewsUP) February 2, 2022