god

ഹൈന്ദവ വിശ്വാസങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങൾ ഭാരതത്തിലുണ്ട്. ഇവയിൽ പല പ്രദേശങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപ് നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന പുരാണ കഥകൾക്ക് ചില തെളിവുകൾ നൽകുന്നതാണ്. അത്തരത്തിൽ ഒരിടമാണ് ഉത്തർപ്രദേശിലെ മഥുരയിൽ വൃന്ദാവനത്തിനടുത്തായി കാണപ്പെടുന്ന ഗോവർദ്ധന പർവതം.

ഐതിഹ്യമിങ്ങനെ

ദ്വാപരയുഗത്തിൽ നിലയ്‌ക്കാതെ പെയ്ത മഴയിൽ ശ്രീകൃഷ്ണ ഭഗവാൻ ചൂണ്ടുവിരലിൽ ഉയർത്തി എന്ന് വിശ്വസിക്കപ്പെടുന്ന പർവതമാണ് ഗോവർദ്ധന പർവതം. ഇതിന് പിന്നിൽ ഒരു കഥയുമുണ്ട്. ആദ്യ കാലങ്ങളിൽ വൃന്ദാവനത്തിലെ ജനങ്ങൾ ഇന്ദ്രനെയാണ് പൂജിച്ചിരുന്നത്. ഇന്ദ്രനെ തൃപ്തിപ്പെടുത്തുവാനായി അവർ എല്ലാവർഷവും പൂജകളും വഴിപാടുകളും നടത്തിയിരുന്നു. എന്നാൽ ഒരിക്കൽ നമ്മൾ പൂജിക്കേണ്ടത് ഇന്ദ്രനെയല്ല, പകരം ഗോക്കളെയാണെന് ശ്രീകൃഷ്ണൻ പറയുകയും തുടർന്ന് ജനങ്ങൾ ഇന്ദ്രനെ പൂജിക്കുന്നത് അവസാനിപ്പിച്ച് ഗോക്കളെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. ഈ സംഭവത്തിൽ ഇന്ദ്രന് ജനങ്ങളോട് അസംതൃപ്തി ഉണ്ടാകുകയും അവർക്കുള്ള ശിക്ഷയെന്നോണം ഭൂമിയിൽ നിർത്താതെ മഴ പെയ്യിക്കുകയും ചെയ്തു. ഈ മഴയിൽ ജനങ്ങളും മൃഗങ്ങളും വളരെയധികം ദുരിതത്തിലായി. ഇതിൽ നിന്ന് തന്റെ ഭക്തരെ സംരക്ഷിയ്ക്കാനായി ശ്രീകൃഷ്ണൻ ചൂണ്ടുവിരൽ ഉപയോഗിച്ച് പർവതം ഉയർത്തി എന്നുമാണ് ഐതിഹ്യം. കൃഷ്ണന്റെ ദൈവിക ശക്തിയിൽ ഇന്ദ്രന് കീഴടങ്ങേണ്ടി വന്നതായും വിശ്വസിച്ച് പോരുന്നു.

മഹർഷി ശാപത്താൽ വലിപ്പം കുറയുന്ന പർവതം

ഒരിക്കൽ പുലത്സ്യ മഹർഷി മഥുരയിൽ നിന്ന് കാശിക്ക് പോകുന്ന വേളയിൽ പർവത രാജനായ ദ്രോണകലയുടെ മകനായ ഗോവർധനനെ കൂടെ കൂട്ടാൻ ആഗ്രഹിച്ചു. പുലത്സ്യ മഹർഷിയുടെ ആവശ്യപ്രകാരം ദ്രോണകല മകനെ മഹർഷിയോടൊപ്പം പറഞ്ഞ് അയച്ചു. യാത്രക്ക് മുൻപ് ഒരു നിബന്ധനയും ദ്രോണകല മഹർഷിയോട് പറഞ്ഞു. കാശിയിൽ എത്തിയാൽ മാത്രമേ ഗോവർധനനെ താഴെ വയ്ക്കാൻ പാടുള്ളൂ എന്നായിരുന്നു നിബന്ധന. എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ പർവതത്തിന്റെ ഭാരം വർദ്ധിക്കുവാൻ തുടങ്ങി. ഭാരം താങ്ങാനാവാതെ പുലത്സ്യ മഹർഷി പർവതം താഴെവച്ചു. ഇത് താഴെ വയ്ക്കാനായി ഗോവർധനൻ ചെയ്ത കള്ളത്തരം ആണെന്ന് മനസിലാക്കിയ പുലത്സ്യ മഹർഷി അദ്ദേഹത്തെ ശപിച്ചു. ഓരോ ദിവസവും കടുകുമണിയോളം ചെറുതാകട്ടെ എന്നായിരുന്നു ശാപം. ആ ശാപ വാക്കുകൾ കാരണം പർവതത്തിന്റെ വലിപ്പം ഇപ്പോഴും കുറയുന്നു എന്നാണ് വിശ്വാസം. പർവതത്തെ വലം വയ്ക്കുന്നത് ഐശ്വര്യത്തിന് കാരണമാകുമെന്ന വിശ്വാസവും ഉണ്ട്.