
ന്യൂഡൽഹി: കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചശേഷം രോഗം ഭേദമായവരിൽ വീണ്ടും ഒമിക്രോൺ ബാധ കണ്ടെത്തി. ഡൽഹിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. രോഗം ഭേദമായി വെറും പത്ത് ദിവസത്തിനകമാണ് കൊവിഡ് ചികിത്സ നടത്തുന്ന രണ്ട് ഡോക്‌ടർമാർക്ക് വീണ്ടും ഒമിക്രോൺ ബാധയുണ്ടായത്.
'പതിനാല് ദിവസങ്ങൾക്ക് മുൻപാണ് ഇരു ഡോക്‌ടർമാർക്കും ഒമിക്രോൺ വകഭേദ ലക്ഷണങ്ങൾ കണ്ടത്. രോഗം ചികിത്സിച്ച് ഭേദമാക്കി. എന്നാൽ ഏഴ് മുതൽ 10 ദിവസത്തിനകം രോഗം വീണ്ടും കണ്ടെത്തി. പനി, തലവേദന, ശരീര വേദന, തൊണ്ടവേദന എന്നിങ്ങനെ അതേ ലക്ഷണങ്ങളോടെ.' മാക്‌സ് ആശുപത്രിയിലെ കാർഡിയാക് വിഭാഗം അനസ്‌തേസിസ്‌റ്റ് ഡോ. ജിത്തുമോനി ബൈശ്യ പറഞ്ഞു.
എന്നാൽ ഒമിക്രോണിന്റെ രണ്ട് വകഭേദമാണോ വന്നതെന്ന് ഇനി പരിശോധനയിലൂടെ വേണം അറിയാൻ. ഇത്തരത്തിൽ രോഗബാധയ്‌ക്ക് സാദ്ധ്യതയുളളതായാണ് വിദഗ്ദ്ധർ പറയുന്നത്. ആദ്യം രോഗം വന്നത് ചെറിയ തോതിലോ മിതമായോ ആണെങ്കിൽ അതിനോട് രോഗിയിലുണ്ടായ ശരീരപ്രതിരോധം ശക്തമാകില്ല. അത്തരത്തിൽ വന്നാൽ വീണ്ടും രോഗബാധയുണ്ടാകാമെന്ന് വിദഗ്ദ്ധാഭിപ്രായം.
വളരെ ലഘുവായ തോതിലാണെങ്കിലും ഇത്തരത്തിൽ രോഗികളിൽ കൊവിഡ് ലക്ഷണത്തോടെ രോഗമുണ്ടാകാം. ആദ്യം രോഗം വന്ന് രണ്ടാഴ്‌ചയ്‌ക്കകം പരിശോധിച്ചാലും ചത്ത വൈറസിന്റെ സാന്നിദ്ധ്യം മൂക്കിനുളളിൽ ഉളളതിനാൽ ആർടിപിസിആർ ഫലത്തിൽ പോസിറ്രീവ് എന്ന് കാണിക്കാനിടയുണ്ട്. അതിനാൽ കൃത്യമായ പരിശോധന വേണമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഒമിക്രോണിന്റെ ബിഎ 2 ഉപ വിഭാഗം വാക്‌സിൻ എടുക്കാത്തവരിൽ 10 ശതമാനം കൂടുതൽ രോഗബാധയ്‌ക്ക് സാദ്ധ്യതയൊരുക്കുന്നുണ്ട്. നിലവിൽ ഈ ഉപ വിഭാഗമാണ് പലയിടത്തും അതിവേഗം രോഗവ്യാപനമുണ്ടാക്കുന്നത്. രോഗികളുടെ എണ്ണം കുറവെങ്കിലും പുതിയ സാഹചര്യത്തെ കുറിച്ച് പഠിക്കുകയാണ് വിദഗ്ദ്ധർ.