
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ അദ്ധ്യക്ഷയായി (ചെയർപേഴ്സൻ) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് തൃണമൂൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയത്. ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് അവർ ആഹ്വാനം ചെയ്തു. പാർട്ടി നേതാക്കളും പ്രവർത്തകരും പരസ്പരം പോരടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.പിയിൽ തൃണമൂൽ മത്സരിക്കും. ഇതുവരെ ഏഴ് -എട്ട് ബി.ജെ.പി നേതാക്കളുമായി സംസാരിച്ചു. അവർ തൃണമൂലിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു. കേന്ദ്ര ബഡ്ജറ്റിനെ മമത രൂക്ഷമായി വിമർശിച്ചു. തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും യാതൊന്നും നൽകാത്ത ബഡ്ജറ്റാണിത്. ഏജൻസികളിലല്ല ജനങ്ങളിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ആദ്യ വർക്കിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരുമെന്നും മമത പറഞ്ഞു.
അതേസമയം, ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ച് മമതയ്ക്കെതിരെ മുംബയ് ബി.ജെ.പി യൂണിറ്റ് കേസ് നൽകി. ഇത് പ്രകാരം, മാർച്ച് രണ്ടിനുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് മുംബയ് കോടതി മമതയ്ക്ക് സമൻസ് അയച്ചു. 2021 ഡിസംബറിൽ നടന്ന മുംബയ് സന്ദർശനത്തിനിടെയാണ് സംഭവം നടന്നത്. ദേശീയ ഗാനം ഇട്ടപ്പോൾ മമത എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം.