
വോളിബാളിലെ കേരളപ്പെരുമയുടെ അംഗീകാരമാണ് ശനിയാഴ്ച ഹൈദരാബാദിൽ ആരംഭിക്കുന്ന പ്രൈം വോളിബാൾ ലീഗ്. ക്രിക്കറ്റിലും ഫുട്ബാളിലുമൊക്കെ പ്രൊഫഷണൽ ലീഗുകളിൽ മലയാളി സാന്നിദ്ധ്യത്തെ വിരലിലെണ്ണിയെടുക്കാമെങ്കിൽ പ്രൈം വോളിയിൽ മലയാളികളുടെ ചാകരയാണ്. കേരളത്തിന്റെ ഗ്രാമങ്ങളിൽ ഇന്നും വേരോട്ടമുള്ള വോളിബാളിന് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ സഹായകമാകുന്ന പ്രൈം വോളിയിൽ മലയാളി താരങ്ങളുടെ പ്രകടനമാകും ആവേശം പകരുക.
കേരളത്തിൽ നിന്ന് രണ്ട് ടീമുകളാണ് ആകെ ഏഴുടീമുകളടങ്ങുന്ന ലീഗിലുള്ളത്. ഇതിൽ ഒരു മലയാളിയെങ്കിലുമില്ലാത്ത ഒറ്റ ടീമുമില്ല.മിക്ക ടീമിലും പ്രധാനതാരങ്ങൾ മലയാളികൾ തന്നെ. യൂത്ത് ഇന്റർനാഷണൽ സെൻസേഷൻ അജിത് ലാൽ അടക്കമുള്ള മലയാളികളുടെ നിരയാണ് കലിക്കറ്റ് ഹീറോസിലുള്ളത്. മുജീബ്,ജിതിൻ,വിശാൽ കൃഷ്ണ,അനുസക്കറിയാസ് സിബി,സുജൻ ലാൽ,വിഗ്നേഷ്,അഖിൽ കൃഷ്ണൻ,അൻസഫ്,സച്ചിൻ തുടങ്ങിയവർ കലിക്കറ്റിന്റെ കുപ്പായത്തിൽ അണിനിരക്കുന്നു.
കെ.എസ്.ഇ.ബി,കേരള പൊലീസ് താരങ്ങളെക്കൊണ്ട് സമൃദ്ധമാണ് കൊൽക്കത്ത തണ്ടർബോൾട്ട്. ജിൻഷാദ്,അനു ജെയിംസ്,മുഹമ്മദ് ഇഖ്ബാൽ,രാഹുൽ,ഷമീം,അരവിന്ദ് എന്നിവരാണ് കൊൽക്കത്തയുടെ മലയാളി തണ്ടർ ബോൾട്ടുകൾ. കൊച്ചിൻ ബ്ളൂ സ്പൈക്കേഴ്സിൽ അബ്ദുൽ റഹീം,സേതു,എറിൻ,വർഗീസ് എന്നിവർ അണിനിരക്കുന്നു.ഹൈദരാബാദ് ബ്ളാക്ക്ഹോക്സിൽ നാലുമലയാളി കളിക്കാരുണ്ട്;ജിഷ്ണു,ജോർജ് ആന്റണി,ജോൺ ജോസഫ്.കെ.ആനന്ദ് എന്നിവർ.ബെംഗളുരു ടോർപ്പിഡോസിൽ മുൻ ഇന്ത്യൻ ക്യാപ്ടനായ പി.രോഹിതും സാരംഗ് ശാന്തിലാലും കളിക്കുന്നു. അഹമ്മദാബാദ് ഡിഫൻഡേഴ്സിൽ ഷോൺ ടി.ജോണും ചെന്നൈ ബ്ളിറ്റ്സിൽ അഖിൻ ജാസുമാണ് മലയാളി സാന്നിദ്ധ്യങ്ങൾ.
രണ്ട് ടീമുകളുടെ- കലിക്കറ്റ് ഹീറോസിന്റെയും കൊൽക്കത്ത തണ്ടർ ബോൾട്ടിന്റെയും - മുഖ്യ പരിശീലകർ മലയാളികളാണ്. മുൻ ഇന്റർനാഷണൽ താരം കിഷോർ കുമാറും കെ.എസ്.ഇ.ബി പരിശീലകനായ സണ്ണി ജോസഫും. മുൻ ഇന്റർനാഷണൽ ടോം ജോസഫാണ് ഹൈദരാബാദ് ബ്ളാക്ക്ഹോക്സിന്റെ സഹപരിശീലകൻ. തണ്ടർ ബോൾട്ടിൽ സണ്ണി ജോസഫിന്റെ അസിസ്റ്റന്റായി സിജു.കെ .ജോസഫുണ്ട്. കൊച്ചിൻ ബ്ളൂസ്പൈേക്കേഴ്സിന്റെ പരിശീലക സംഘത്തിലും രണ്ട് മലയാളികളുണ്ട്,ബിജോയ് ബാബുവും അനുലാലും.കലിക്കറ്റിന്റെ ട്രെയിനർ സാൻഡി നായരും അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ ജിബിൻ സെബാസ്റ്റ്യനും മലയാളിത്തിളക്കത്തിന് മാറ്റ്കൂട്ടുന്നു.
ശനിയാഴ്ച രാത്രി ഏഴുമണിക്ക് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും തമ്മിലാണ് പ്രൈം വോളി ലീഗിലെ ആദ്യ കളി. ഈമാസം 18-നാണ് കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള മത്സരം.