
സോൾ: അഞ്ച് മാസങ്ങൾക്ക് ശേഷം രാജ്യത്തെ മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഭാര്യ റി സോൽ ജു. തലസ്ഥാനമായ പ്യോംഗ്യാംഗിലെ മാൻസുഡേ ആർട്ട് തിയേറ്ററിൽ നടന്ന കലാപ്രകടനം വീക്ഷിക്കാൻ കിമ്മും റിയും എത്തിയെന്നും വേദിയിലെ കലാകാരന്മാർക്കൊപ്പം ഹസ്തദാനം ചെയ്യുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ സെപ്തംബർ 9ന് കിമ്മിന്റെ അന്തരിച്ച മുത്തച്ഛന്റെയും പിതാവിന്റെയും എംബാം ചെയ്ത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന കുംസുസൻ കൊട്ടാരത്തിലാണ് ജുവിനെ അവസാനമായി കണ്ടത്. കിം വളരെ അപൂർവമായാണ് ഭാര്യയ്ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്. കിമ്മിനും ഭാര്യയ്ക്കും മൂന്ന് മക്കളുണ്ടെന്ന് രഹസ്യ ഏജൻസികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.