v

ഭോപ്പാൽ:ഉത്തരേന്ത്യയിൽ വിവാഹത്തിനായി വരൻ വധുവിന്റെ വീട്ടിലേക്ക് വരുന്ന ബാറാത്ത് എന്ന ആഘോഷം ഏറെ വർണാഭവും മനോഹരവുമാണ്. വരൻ കുതിരപ്പുറത്തേറിയും ആനപ്പുറത്തേറിയും ഇത് ആഘോഷമാക്കാറുണ്ട്. എന്നാൽ, ഭോപ്പാൽ സ്വദേശിയായ ഭാവന ഇത് മാറ്റിയെഴുതി. വാഹനത്തിന്റെ ബോണറ്റിലിരുന്ന് നൃത്തം ചെയ്താണ് ഭാവന വരന്റെ വീട്ടിലേക്ക് പോയത്.

ചുവപ്പു നിറത്തിലുളള വിവാഹ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ് കൂളിംഗ് ഗ്ലാസ് ധരിച്ച് അതിസുന്ദരിയായാണ് ഭാവന ബോണറ്റിൽ ഇരിക്കുന്നത്. കാണികൾ അദ്ഭുതത്തോടെ നോക്കുന്നതൊന്നും ഭാവനയ്ക്ക് പ്രശ്നമേയല്ല. മതിമറന്ന് നൃത്തം ചെയ്ത് തന്റെ വിവാഹം ആഘോഷിക്കിയവൾ.

തന്റെ വിവാഹം വ്യത്യസ്തമാക്കണമെന്ന് നേരത്തെ തന്നെ വീട്ടുകാരെ ഭാവന അറിയിച്ചിരുന്നു. ഈ ആഗ്രഹം സാധിക്കാതെ വിവാഹത്തിനു തയ്യാറാകില്ലെന്ന് ഭാവന പിതാവിനെ അറിയിച്ചു. പിതാവ് അത് അംഗീകരിക്കുകയും ചെയ്തു.

എം.സി.എ പഠനത്തിനു ശേഷം ഇൻഡോറിലെ ഒരു കമ്പനിയിൽ ഐ.ടി പ്രൊഫഷനലായി ജോലി ചെയ്യുകയാണ് ഭാവന. വിവാഹച്ചടങ്ങുകളിലും ലിംഗ സമത്വം വേണമെന്ന് ഭാവന പറഞ്ഞിരുന്നതായി അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.