mitchel

ഡാരിൽ മിച്ചലിന് ഐ.സി.സി
സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പുരസ്കാരം

ദുബായ്: കളിക്കളത്തിലെ മാന്യതയ്ക്കുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ 2021ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡ് ആൾറൗണ്ടർ ഡാരിൽ മിച്ചലിന് ലഭിച്ചു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ റണ്ണെടുക്കാൻ ഓടുന്നതിനിടെ ബൗളറുമായി കൂട്ടിയിടിച്ചപ്പോൾ റൺസ് വേണ്ടെന്ന് വച്ച പെരുമാറ്റത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ ന്യൂസിലാൻഡ് താരമാണ് മിച്ചൽ. ഡാനിയേൽ വെട്ടോറി, ബ്രണ്ടൻ മക്കല്ലം, കേൻ വില്യംസൺ എന്നിവർ നേരത്തേ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ അവസാന ഓവറുകളിൽ കളി കടുക്കുന്ന സമയത്താണ് മിച്ചൽ മാന്യതയുടെ പ്രതിരൂപമായത്. ആദിൽ റഷീദിന്റെ 18-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം അരങ്ങേറിയത്. ജിമ്മി നീഷാമാണ് പന്ത് സ്‌ട്രൈക്ക് ചെയ്തത്. ഓവറിലെ ആദ്യ പന്തിൽ നീഷാം സ്ട്രെയ്റ്റ് ഡ്രൈവിലൂടെ സിംഗിളെടുക്കാൻ ശ്രമിച്ചു. പന്ത് ഫീൽഡ് ചെയ്യാനായി ഓടിയ ആദിൽ റഷീദ് നോണ്‍ സ്‌ട്രൈക്കർ എൻഡിൽ നിന്ന് ഓടിത്തുടങ്ങിയ

മിച്ചലുമായി കൂട്ടിയിടിച്ചു. ഇതോടെ ആദിൽ റഷീദിന് പന്ത് കൈയിലാക്കാനായില്ല. എന്നാൽ ഇതുകണ്ട മിച്ചൽ സിംഗിൾ എടുക്കാൻ അവസരമുണ്ടായിരുന്നിട്ടും അത് നിരസിച്ചു. താരത്തിന്റെ ഈ തീരുമാനം വലിയ കൈയടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. മത്സരത്തിൽ ന്യൂസിലാൻഡ് വിജയം നേടുകയും ചെയ്തു. 47 പന്തുകളില്‍ നിന്ന് പുറത്താവാതെ 72 റൺസാണ് മിച്ചൽ അടിച്ചെടുത്തത്.