manoj-tiwari

കൊൽക്കത്ത: ഐ പി എൽ ക്രിക്കറ്റ് ലീഗിന്റെ അന്തിമ ലേല പട്ടികയിൽ ഇടംനേടി ബംഗാൾ കായികമന്ത്രി മനോജ് തിവാരി. 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി മനോജ് തിവാരി സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ 12 ഏകദിനങ്ങളിലും മൂന്ന് ടി ട്വന്റികളിലും തിവാരി കളിച്ചിട്ടുണ്ട്. ഏകദിനങ്ങളിൽ ഒരു സെഞ്ച്വറിയും ഒരു അ‌ർദ്ധസെഞ്ച്വറിയും അടക്കം 287 റൺ ആണ് തിവാരിയുടെ സമ്പാദ്യം.

36കാരനായ തിവാരി കഴിഞ്ഞ വ‌ർഷം നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായി ഷിബ്പുർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു. ബി ജെ പിയുടെ രതിൻ ചക്രബർത്തിയെയായിരുന്നു തിവാരി പരാജപ്പെടുത്തിയത്. തുടർന്ന് ബംഗാളിന്റെ കായിക യുവജനക്ഷേമകാര്യ മന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു.

2018ലാണ് അവസാനമായി തിവാരി ഐ പിഎല്ലിൽ കളിച്ചത്. അന്ന് ഒരു കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. അതിന് ശേഷം 2020ൽ നടന്ന ഐ പി എല്ലിലും തിവാരി ലേലപട്ടികയിൽ ഇടംപിടിച്ചിരുന്നെങ്കിലും ആരും അദ്ദേഹത്തെ ടീമിലെടുക്കാൻ താത്പര്യം കാണിച്ചില്ല.

ഈ വ‌ർഷം ആദ്യം പ്രഖ്യാപിച്ച ബംഗാളിന്റെ രഞ്ജി ട്രോഫി ടീമിലും തിവാരിയെ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ വ‌ർഷം നടന്ന സയിദ് മുഷ്ത്താഖ് ട്രോഫി ടൂർണമെന്റിലെ പ്രകടനം കണക്കിലെടുത്താണ് തിവാരിയെ സംസ്ഥാന രഞ്ജി ടീമിൽ ഉൾപ്പെടുത്തിയത്.