facebook-google-and-twitt

ന്യൂഡൽഹി: വ്യാജ വാർത്തകളും ഉള്ളടക്കങ്ങളും സമൂഹമാദ്ധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും സെർച്ച് എൻജിനായ ഗൂഗിളും സ്വമേധയാ നീക്കം ചെയ്യാത്തത് സംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി വാർത്താ വിതരണ മന്ത്രാലയം നടത്തിയ ചർച്ച പ്രക്ഷുബ്ധമായി. തിങ്കളാഴ്ച ഓൺലൈനായി നടന്ന ചർച്ചയിൽ ടെക് ഭീമന്മാരെ സർക്കാർ പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു.

ഡിജിറ്റൽ ഭീമന്മാർ വ്യാജ ഉള്ളടക്കങ്ങൾ നീക്കുന്നതിൽ അലസത കാട്ടുന്നതിനാൽ സർക്കാരിന് നടപടികൾ സ്വീകരിക്കേണ്ടി വരുന്നു. സർക്കാർ അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതായി അന്താരാഷ്‌ട്ര വിമർശനങ്ങൾക്ക് ഇത് വഴിവയ്‌ക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ടെക് ഭീമന്മാരുടെ നടപടിയിൽ സർക്കാരിന് നിരാശയുണ്ടെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ ടെക്ക് ഭീമന്മാരുമായുള്ള നരേന്ദ്രമോദി സർക്കാരിന്റെ ബന്ധം കൂടുതൽ ഉലയും വിധം ചർച്ച ചൂടുപിടിച്ചെന്നാണ് റിപ്പോർട്ട്.

ചർച്ചയിൽ ടെക് ഭീകന്മാർക്ക് സർക്കാർ അന്ത്യശാസനമൊന്നും നൽകിയില്ലെങ്കിലും നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും കമ്പനികൾ ഉള്ളടക്കം കൂടുതൽ മയപ്പെടുത്തണമെന്നാണ് സർക്കാരിന്റെ ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിസംബർ, ജനുവരി മാസങ്ങളിൽ യൂ‌ ട്യൂബിലെ 55 ചാനലുകളും ചില ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളും മന്ത്രാലയത്തിന്റെ അടിയന്തര അധികാരം ഉപയോഗിച്ച് ബ്ലോക്ക് ചെയ്‌തിരുന്നു. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ചാനലുകളും അക്കൗണ്ടുകളും വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പ്രോത്സാഹിപ്പിക്കുന്നതായി സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ടെക് ഭീമന്മാരുമായി ചർച്ച നടത്തിയത്.

ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനോ പ്രതികരിക്കാനോ കേന്ദ്ര സർക്കാരോ കമ്പനി വൃത്തങ്ങളോ തയ്യാറായിട്ടില്ല. ആഭ്യന്തര പ്ലാറ്റ്ഫോമുകളായ കൂ, ഷെയർചാറ്റ് എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഉള്ളടക്കം പരിശോധിക്കുമെന്നും വ്യാജമായതെല്ലാം ഒഴിവാക്കുമെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. ഉള്ളടക്കം നീക്കാൻ ആവശ്യപ്പെടുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ട്വിറ്റർ പ്രതികരിച്ചിരുന്നു. 2020ൽ മാത്രം 97,631തവണയാണ് ഇന്ത്യൻ അധികൃതർ ഉള്ളടക്കം നീക്കാൻ ആവശ്യപ്പെട്ടത്.റഷ്യയാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത്.

ഉള്ളടക്കം നീക്കുന്നതിന്റെ വിവരങ്ങൾ സർക്കാർ പുറത്ത് വിടരുതെന്നും ഒന്നിച്ച് പ്രവർത്തിച്ചാൽ സർക്കാരിനും കമ്പനികൾക്കും ഗുണം ചെയ്യുമെന്നും ചർച്ചയിൽ ഗൂഗിൾ പറഞ്ഞിരുന്നു. ഇതിനോട് സർക്കാർ വൃത്തങ്ങൾ വിയോജിച്ചു.