
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ പരാഗ്വേയെയും അർജന്റീന കൊളംബിയയെയും തോൽപ്പിച്ചു
മിനെയ്‌റോ : ലാറ്റിനമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മുൻനിരക്കാരായ ബ്രസീലിനും അർജന്റീനയ്ക്കും ജയം. ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാഗ്വേയെ തകർത്തപ്പോൾ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെയാണ് തോൽപ്പിച്ചത്.മറ്റുമത്സരങ്ങളിൽ ഉറുഗ്വേ 4-1ന് വെനിസ്വേലയെയും ചിലി 3-2ന് ബൊളീവിയയെയും കീഴടക്കി.
ഹോം ഗ്രൗണ്ടായ മിനെയ്റോയിൽ വച്ചാണ് ബ്രസീൽ പരാഗ്വേയെ തോൽപ്പിച്ചത്. ബ്രസീലിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിന്റെ 28-ാം മിനിട്ടിൽ റാഫിഞ്ഞ്യ, 62-ാം മിനിട്ടിൽ കുടീഞ്ഞ്യോ, 86-ാം മിനിട്ടിൽ ആന്റണി, 88-ാം മിനിട്ടിൽ റോഡ്രിഗോ എന്നിവരാണ് സ്‌കോർ ചെയ്തത്. ഈ തോൽവിയോടെ പരാഗ്വേ ഖത്തറിലേക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. 15 കളികളിൽ നിന്ന് 39 പോയിന്റോടെ മേഖലയിൽ ഒന്നാമതുള്ള ബ്രസീൽ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു.
ബ്രസീന് തൊട്ടുപിന്നിലായി ലോകകപ്പ് യോഗ്യതാ നേടിക്കഴിഞ്ഞ അർജന്റീന
29-ാം മിനിട്ടിൽ ലൗത്താരോ മാർട്ടിനസ് നേടിയ ഗോളിനാണ് കൊളംബിയയെ കീഴടക്കിയത്. 15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ്. സൂപ്പർ താരം ലയണൽ മെസിയെക്കൂടാതെയാണ് അർജന്റീന കളിക്കാനിറങ്ങിയത്. അതേസമയം തോൽവി കൊളംബിയക്ക് കനത്ത തിരിച്ചടിയായി. 16 മത്സരങ്ങളിൽ നിന്ന് 17 പോയിന്റോടെ ഏഴാം സ്ഥാനത്തായ കൊളംബിയയ്ക്ക് ഖത്തറിലേക്ക് യോഗ്യതനേടാനാവുക സംശയമാണ്. രണ്ടു മത്സരങ്ങൾ മാത്രമാണ് കൊളംബിയയ്ക്ക് ബാക്കിയുള്ളത്.