
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി പദ്ധതിക്ക് അനുമതി നല്‍കില്ല എന്നല്ല. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പഠിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ച് കൂടി വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടുക മാത്രമാണ് ഉണ്ടായതെന്നും ബാലഗോപാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമായാണ്. ഒട്ടും തിരക്ക് കൂട്ടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ല. അമിതമായി എന്തെങ്കിലും ചെയ്ത് കാണിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മനഃപൂര്‍വ്വം പദ്ധതിക്ക് കാലതാമസം ഉണ്ടാക്കാന്‍ ശ്രമിക്കരുത് എന്നാണ് എല്ലാവരും ചേര്‍ന്ന് പറയേണ്ടതെന്നും ധനമന്ത്രി ചൂമ്ടിക്കാണിച്ചു.
ആവശ്യമായ പഠനങ്ങളെല്ലാം ചെയ്തിട്ടാണ് മുന്നോട്ട് പോകേണ്ടത്. സാങ്കേതിക സാദ്ധ്യതാപഠനം, സാമ്പത്തിക സാദ്ധ്യതാപഠനം, പരിസ്ഥിതി ആഘാത പഠനം എന്നിവയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം അനുമതി നല്‍കിയാല്‍ ചെലവ് ഇരട്ടിയാകാന്‍ കാരണമാകുമെന്നും ബാലഗോപാല്‍ പറഞ്ഞു.