
ന്യൂഡൽഹി: ഇന്ത്യയിലെ ട്രയംഫ് ബൈക്കുകളിൽ ഏറ്റവും വില കുറഞ്ഞ മോഡലായ ട്രൈഡന്റ് 660യുടെ വില വർദ്ധിപ്പിച്ചു. ഏകദേശം 50,000 രൂപയുടെ വർദ്ധനയാണ് ട്രയംഫ് വരുത്തിയിട്ടുള്ളത്. പുതുക്കിയ വില അനുസരിച്ച് 7.45 ലക്ഷം രൂപയാണ് ട്രൈഡന്റിന്റെ എക്സ് ഷോറൂം വില. ന്യൂഡൽഹിയിൽ വാഹനത്തിന്റെ ഓൺ റോഡ് വില ഏകദേശം 8.21 ലക്ഷത്തിന് മുകളിൽ പോകും. നേരത്തെ 6.95 ലക്ഷം രൂപയായിരുന്നു ട്രൈഡന്റിന്റെ എക്സ് ഷോറൂം വില.
കഴിഞ്ഞ വർഷമാണ് ട്രയംഫ് ട്രൈഡന്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആ സമയത്ത് തന്നെ വാഹനത്തിന്റെ നിലവിലെ വില പ്രചരണാർത്ഥം മാത്രമാണെന്നും പിൽക്കാലത്ത് വിലയിൽ വർദ്ധനവുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വില വർദ്ധിപ്പിച്ചെങ്കിലും ഇപ്പോഴും ട്രയംഫിന്റെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വിലകുറവ് ട്രൈഡന്റ് 660ക്ക് തന്നെയാണ്. ഈ ശ്രേണിയിലെ മറ്റ് വാഹനങ്ങളായ കാവസാക്കി ഇസഡ് 650ക്ക് 6.24 ലക്ഷവും ഹോണ്ട സി ബി 650 ആറിന് 8.68 ലക്ഷവുമാണ് വില വരുന്നത്. ഹോണ്ട സി ബി 650 ആർ ആണ് ട്രൈഡന്റിന്റ് 660യുടെ പ്രധാന എതിരാളി.
ഇൻലൈൻ 3 സിലിണ്ടർ 660 സിസി എൻജിനാണ് ട്രയംഫ് ട്രൈഡന്റ് 660യ്ക്ക് കരുത്ത് പകരുന്നത്. 81 എച്ച്പി പവറും 64 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ 6 സ്പീഡ് ഗിയർ ബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഗിയർ ബോക്സിൽ ക്വിക്ക് ഷാഫ്റ്റർ ഓപ്ഷണലായി ഘടിപ്പിക്കാൻ സാധിക്കും. റോഡ്, റെയ്ൻ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡികൾ, ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ ഫീച്ചറുകൾക്ക് പുറമേ ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗോപ്രോ കണ്ട്രോൾ എന്നിവയടങ്ങിയ ബ്ലൂടൂത്ത് മൊഡ്യൂൾ ഓപ്ഷണലായും ട്രൈഡന്റിൽ ലഭ്യമാണ്.