
എന്തുകൊണ്ടാണ് കേരളം പോലെ മിടുമിടുക്കന്മാരുടെ നാട് പ്രിവന്റീവ് ഓങ്കോളജി സെന്റർ തുടങ്ങാൻ മുൻകൈയെടുക്കാത്തത് ? എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. ഞാൻ പലവട്ടം നിർദ്ദേശങ്ങൾ വച്ചു.എന്റെ അനുഭവത്തിൽ ഭഗവാനെ പ്രസാദിപ്പിക്കാൻ എളുപ്പമാണ്.എമ്പ്രാന്തിരിയെ പ്രസാദിപ്പിക്കാനാണ് പാട്.രാഷ്ട്രീയക്കാർക്ക് താത്പര്യമുണ്ട്. അവരുടെ കൈയിൽ നിന്ന് മാറിയാൽ പിന്നെ എളുപ്പമാകില്ല. കാൻസറിന്റെ കാര്യത്തിൽ മാസീവ് സ്ക്രീനിംഗ് വേണം.മുൻകൂട്ടി രോഗം നിർണയിച്ചാൽ പലതുണ്ട് ഗുണം.രോഗം ഭേദമാക്കാൻ എളുപ്പമാണ്.മാത്രമല്ല ചികിത്സാച്ചെലവിന്റെ ഭാരിച്ച ബാദ്ധ്യത ഒഴിവാക്കാനുമാകും.
എല്ലാം സർക്കാരിനു പറ്റില്ല.ഇവിടെയാണ് പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം വേണ്ടത്.മോഹൻലാലിന് വിശ്വശാന്തി ഫൗണ്ടേഷൻ എന്നൊരു സംഘടനയുണ്ട്.രോഗനിർണയത്തിനുള്ള ചെലവ് അവർ വഹിക്കാമെന്നു പറയുന്നു.അതുപോലെ പല സംഘടനകൾ ഉണ്ട്. .പക്ഷേ ആരെങ്കിലും മുൻകൈയെടുക്കണ്ടേ?ഈ മേഖലയിലുള്ള എല്ലാവരും മുൻകൈയെടുക്കണം. സർക്കാർ ഇവരെ ക്രോഡീകരിക്കണം .അമേരിക്കയുടെ മികവ് അതാണ്.
ഏതു കാൻസറും തുടക്കത്തിൽ കണ്ടുപിടിച്ചാൽ ഭേദമാക്കാൻ കഴിയും.അടുപ്പിലെ തീപോലെയേയുള്ളു.അടുപ്പിലെ തീ ആളിക്കത്തിയാൽ ഒരു കുടം വെള്ളംകൊണ്ട് നമ്മൾക്ക് അണയ്ക്കാൻ കഴിയും.എന്നാൽ മോന്തായം കത്തിയാലോ?
കാൻസർ ചികിത്സയിൽ വലിയ പുരോഗതി വന്നിട്ടുണ്ട്.ലോകത്തിനു മാതൃകയാക്കാവുന്ന പ്രിവന്റീവ് ഓങ്കോളജി ഇവിടെ തുടങ്ങാം.അതിനു ഇനിയും വൈകരുത്. ,
അടുത്ത മൂന്നുവർഷത്തേക്കുള്ള കാൻസർ ദിനത്തിന്റെ തീമാണ് വിടവ് നികത്തുക ( closing the care gap )എന്നത്
.അമേരിക്ക പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം 1991 മുതൽ 2016 വരെയുള്ള കാലയളവിൽ കാൻസർ മൂലമുള്ള മരണനിരക്ക് അവിടെ 31 ശതമാനം കുറഞ്ഞിരിക്കുകയാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയുടെ മികവുമാണ് കാരണം.നമ്മുടെ ആർ.സി.സിയിലൊക്കെ വളരെ അഡ്വാൻസ്ഡ് സ്റ്റേജിലാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തുന്നത്.കീമോ തെറാപ്പി മാത്രമല്ല സർജറിയടക്കം ചിലപ്പോൾ വേണ്ടിവരുന്നു.പാവപ്പെട്ട കുടുംബത്തിന്റെ നട്ടെല്ലു തന്നെ തകർക്കുന്നതാകുമത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സ്തനാർബ്ബുദം നിർണയിക്കാനെത്തിയ പലരും രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവരായിരുന്നു.എന്നാൽ ആർ.സി.സിയിൽ തിരിച്ചും.പണമുള്ളവർ സ്വകാര്യ ആശുപത്രിയിൽ പോയി.ആർ.സി.സിയിൽ വരുന്ന ബഹുഭൂരിപക്ഷവും പാവപ്പെട്ടവരുമാണ്.അവരാണ് വൈകിയ വേളയിൽ ആശുപത്രിയിലെത്തുന്നത്.ഈ ഒരു ഗ്യാപ് എങ്ങനെ അടയ്ക്കാമെന്നതാണ് തീമിന്റെ സന്ദേശം ലക്ഷ്യമാക്കുന്നത്.
ലാൻസറ്റ് ഓങ്കോളജിയുടെ കണക്കനുസരിച്ച് ഇന്ത്യയിലേറ്റവും അധികം കാൻസർ രോഗികളുള്ളത് കേരളത്തിലാണ്. ഇനിയും നമ്മൾ വൈകിക്കൂട. പ്രതിരോധ കേന്ദ്രങ്ങളിലൂടെ രോഗനിർണയം വേഗത്തിലാക്കണം.കാൻസറിൽ ഒന്നാം സ്ഥാനം എന്തായാലും കേരളത്തിനു ഭൂഷണമല്ല.
( ലേഖകൻ അമേരിക്കയിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിലെ ക്ളിനിക്കൽ ഓങ്കോളജി പ്രോഫസറും ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് (യു.എസ്.എ ) പ്രസിഡന്റുമാണ്.)