
ബീജിംഗ്: ഈ വർഷം ചൈനയിലെ ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് തുടക്കം മുതൽ തന്നെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. സാധാരണ ഗതിയിൽ കായികവേദികളിൽ രാഷ്ട്രീയം കലർത്തുന്നതിൽ നിന്ന് ഭൂരിപക്ഷം രാഷ്ട്രങ്ങളും മാറിനിൽക്കാറുണ്ട്. എന്നാൽ ചൈനയിൽ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെയുള്ള പ്രതിഷേധമായി ബീജിംഗ് ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് മിക്ക രാജ്യങ്ങളും തങ്ങളുടെ കായികതാരങ്ങളെ വിലക്കിയിട്ടുണ്ട്. കായികവേദിയിൽ രാഷ്ട്രീയം കലർത്തുന്നതിന് എന്നും എതിര് നിന്നിട്ടുള്ള ഐ ഒ സി ഒളിമ്പിക്സിന് പങ്കെടുക്കാത്ത രാജ്യങ്ങൾക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
എന്നാൽ ഇപ്പോൾ ആതിഥേയ രാജ്യമായ ചൈന തന്നെ കായികവേദിയിൽ രാഷ്ട്രീയം കലർത്തിയിരിക്കുകയാണ്. 2020ൽ ഇന്ത്യൻ സൈനികരും ചൈനയുടെ സേനാവിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മുൻപന്തിയിൽ നിന്ന സൈനികനെ ശീതകാല ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ചൈന. സാധാരണ കായികതാരങ്ങളും കായികസംഘടനാ പ്രതിനിധികളുമാണ് ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാറുള്ളത്. എന്നാൽ ഇന്ത്യയുമായുള്ള നിലവിലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച ഏറ്റുമുട്ടലിൽ പ്രധാന ഭാഗം വഹിച്ച സൈനികനെ ദീപശിഖാ പ്രയാണത്തിൽ ഉൾപ്പെടുത്തിയ ചൈനയുടെ നടപടിയെ ഐ ഒ സി എങ്ങനെ സമീപിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.
പീപ്പിൾസ് ലിബറേഷൻ ആർമിയിലെ റെജിമെന്റ് കമാൻഡറായ ഴി ഫബാവോയെയാണ് ചൈന ദീപശിഖാ പ്രയാണത്തിൽ ഉൾപ്പെടുത്തിയ്ടുള്ളത്. ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ഫബാവോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ശീതകാല ഒളിമ്പിക്സ് തുടങ്ങുന്ന വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും.