soosapakyam

തിരുവനന്തപുരം: സ്തുത്യർഹമായ വിധത്തിൽ 32 വർഷം തിരുവനന്തപുരം അതിരൂപതയ്ക്ക് നേതൃത്വം നൽകിയാണ് 76 കാരനായ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം സ്ഥാനം ഒഴിയുന്നത്. വർക്കല മുതൽ തമിഴ്നാട്ടിലെ തൂത്തൂർ വരെ നീണ്ടുകിടക്കുന്ന, രണ്ടര ലക്ഷത്തോളം അംഗബലമുള്ള അതിരൂപതയുടെ ഉന്നമനത്തിനും ക്ഷേമത്തിനും ഡോ.സൂസപാക്യം സദാ ജാഗരൂകനായിരുന്നു. മദ്യവ്യാപനത്തിന് എതിരായി ശക്തമായ നിലപാട് എപ്പോഴും സ്വീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊഴിയൂരിൽ വ്യാജവാറ്റിനെതിരെ നടത്തിയ സമരം ഏറെ ശ്രദ്ധേയമാണ്. മരിയൻ എൻജിനിയറിംഗ് കോളേജ് ഇന്നത്തെ നിലയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിൽ സൂസപാക്യത്തിന്റെ സംഭവാന വളരെ വലുതാണ്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റം കൊണ്ട് വിശ്വാസികളുടെ ആദരവും സ്നേഹവും ആവോളം ആർജ്ജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പാളയം പള്ളിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ദിവ്യബലി ചടങ്ങുകളിൽ കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ്, കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, പുനലൂർ ബിഷപ്പ് ഡോ.സിൽവസ്റ്റർ പൊന്നുമുത്തൻ, സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.