
പാലക്കാട്: ആൾകൂട്ടം മർദ്ദിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസിന് നിയമോപദേശം നൽകുന്നതിന് നടൻ മമ്മുട്ടി ചുമതലപ്പെടുത്തിയ ഹൈക്കോടതി അഭിഭാഷകൻ നന്ദകുമാറും സംഘവും അട്ടപ്പാടിയിലെത്തി കുടുംബത്തെ നേരിൽ കണ്ടു. ഇന്നലെ പകൽ 11.30ഓടെയാണ് മധുവിന്റെ സഹോദരി സരസുവിന്റെ ചിണ്ടക്കിയിലെ വീട്ടിൽ അഭിഭാഷക സംഘമെത്തിയത്. സരസുവിനൊപ്പം മധുവിന്റെ അമ്മ മല്ലിയും വീട്ടിലുണ്ടായിരുന്നു.
വിചാരണ വൈകുന്നതും പ്രതികളിൽ നിന്നും നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുമെല്ലാം കരഞ്ഞുകൊണ്ട് മധുവിന്റെ സഹോദരി സരസു നന്ദകുമാറിനോട് വിശദീകരിച്ചു. കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്നും സരസു പറഞ്ഞു. കേസിൽ എല്ലാ സഹായവും മമ്മൂട്ടി നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു. എന്നാൽ കേസ് നടത്തുക സ്‌പെഷ്യൽ പ്രോസിക്യൂട്ടർ തന്നെയാകുമെന്നും അഭിഭാഷകൻ പറഞ്ഞു