
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിൽ ഇതുവരെ 439 ഭീകരരെ വധിച്ചുവെന്നും കേന്ദ്രഭരണപ്രദേശത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ രജിസ്റ്റര്‍ ചെയ്തതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു. ആർട്ടിക്കിൾ 370 പിന്‍വലിച്ചതിന് ശേഷം ആഗസ്റ്റ് 5 2019 മുതൽ 2022 ജനുവരി 26 വരെ കാശ്മീരിൽ 541 ഭീകരാക്രമണങ്ങൾ ഉണ്ടായി. 439 ഭീകരരെ വധിക്കുകയും ചെയ്തു. 98 സാധാരണക്കാർക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 109 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തുവെന്ന് നീരജ് ഡാംഗിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയില്‍ റായ് പറഞ്ഞു. ഈ സംഭവങ്ങളിൽ പൊതുമുതലിന് കാര്യമായ നാശം സംഭവിച്ചിട്ടില്ല. എന്നിരുന്നാലും, ഏകദേശം 5.3 കോടി രൂപയുടെ സ്വകാര്യ സ്വത്തിന് നാശനഷ്ടം കണക്കാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.