
തിരുവനന്തപുരം: കോൺഗ്രസ് കെ റെയിലിന് എതിരല്ലെന്നും കേരളത്തിന്റെ വികസനത്തിന് പദ്ധതി ഗുണകരമാണെന്ന് ബോദ്ധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ഇതുവരെ ചെയ്തത് എല്ലാം നിയമവിരുദ്ധമാണെന്ന് സമ്മതിക്കുകയും ജനങ്ങളുടെ ആശങ്ക മാറ്റുകയും വേണമെന്ന് സുധാകരൻ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ലെന്നും സർക്കാരിന്റേത് കിരാത നടപടിയാണെന്നും കെ പി സി സി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പെരുമാറ്റവും പ്രതികരണങ്ങളും ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ജനാധിപത്യത്തിന് അപമാനമാണ് പിണറായി വിജയന്റെ പ്രവൃത്തികളെന്നും സുധാകരൻ ആരോപിച്ചു.
നേരത്തെ കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയ്ക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. കേരളം നൽകിയ ഡിപിആർ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് ഡിപിആറിൽ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും
ഈ സാഹചര്യം കണക്കിലെടുത്ത് സിൽവർ ലൈനിന് ഉടൻ അനുമതി നൽകാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിൽ നിന്നുള്ള എം പിമാരായ എൻ കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഡി പി ആറിൽ ഇല്ല. ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്ക് കാണിച്ചിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂവെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.