
നാഗർകോവിൽ: കന്യാകുമാരി കൊല്ലങ്കോട്ട് 3 കിലോ കഞ്ചാവുമായി മലയാളികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പൊഴിയൂർ പരുത്തിവിള സ്വദേശി രവിയുടെ മകൻ രതീഷ് (24), പാറശ്ശാല സ്വദേശി ചന്ദ്രന്റെ മകൻ വിനീഷ് (22), കൊല്ലങ്കോട് സ്വദേശി മുരുകന്റെ മകൻ വിനീത് (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു സംഭവം.ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കൊല്ലങ്കോടിന് സമീപം ഉച്ചക്കടയിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികൾ കഞ്ചാവ് കൈമാറാൻ വന്നതും പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളുടെ രണ്ട് ബൈക്കുകളും പൊലീസ് പിടികൂടി . ഇതിനിടയിൽ മുഖ്യ വ്യാപാരി ബാലരാമപുരം സ്വദേശി ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ പ്രതിയെ കുറിച്ചുള്ള വിവരം കേരള പൊലീസിന് കൈമാറിയതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു.