vande

ന്യൂഡൽഹി: വരുന്ന മൂന്ന് വർഷത്തിനിടെ 180 കിലോമീ‌റ്റ‌ർ വേഗതയിൽ ഓടുന്ന 400 വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ബഡ്‌ജറ്റിലുണ്ടായിരുന്നു. ഇതിനൊപ്പം വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു സാങ്കേതിക വിദ്യയും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2000 കിലോമീ‌റ്റർ വരുന്ന റെയിൽവെ നെറ്റ്‌വർക്കിനെ സംരക്ഷിക്കുന്ന കവച് എന്ന സാങ്കേതിക വിദ്യയായിരുന്നു അത്.

ആത്മനിർഭർ മിഷൻ വഴി 2022-23 വർഷങ്ങളിൽ തന്നെ ഈ സാങ്കേതികവിദ്യ റെയിൽവെ നടപ്പാക്കും.ലോകോത്തര നിലവാരത്തിലുള‌ള കവച് സാങ്കേതിക വിദ്യ ഓരോ ട്രെയിനിനും ഒരു സുരക്ഷാ കവചം തീർക്കുന്നതാണ്. അതുവഴി ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ വരുന്നത് ഒഴിവാക്കാനും അത്തരത്തിൽ കൂട്ടിയിടി ഇല്ലാതാക്കാനുമാകും. 10000 വർഷത്തിൽ ഒരു തെറ്റിനേ സാദ്ധ്യതയുള‌ളൂ എന്നതാണ് കവചിന്റെ പ്രത്യേകത അത്ര കൃത്യതയാർന്ന പ്രവർത്തനമാകും ഈ സുരക്ഷാ സാങ്കേതിക വിദ്യയ്‌ക്ക്. ഓട്ടോമാ‌റ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്‌റ്റം(എടിപി)യ്‌ക്ക് നൽകിയ പേരാണ് കവച്.

ഓരോ ട്രെയിനിലും സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഉപകരണങ്ങൾ വഴി വളരെ അകലെ നിന്നുതന്നെ ഇതിനുള‌ള സാദ്ധ്യത അറിയാം. ട്രെയിനുകൾ ഒരേ ദിശയിൽ കടന്നാൽ ഉടൻ തനിയെ ഇരു ട്രെയിനുകളും ബ്രേക്ക് ചെയ്യുകയും നി‌ൽക്കുകയും ചെയ്യുന്നതാണ് കവച് സാങ്കേതിക വിദ്യ.