
ഓയൂർ: മീയന കിളിയൂർ ക്ഷേത്രം റോഡിലെ പലചരക്ക് കടയിൽ നിന്ന് 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. മീയന ശങ്കരമംഗലം വീട്ടിൽ രാധാകൃഷ്ണ(50) നെയാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്. വ്യാജമദ്യ വിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ 8 മണിയോടെ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് 3 കുപ്പി മദ്യവുമായി രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജീപ്പിന്റെ ടയർ പഞ്ചറായി. തുടർന്ന് ടയർ മാറ്റുന്നതിനിടെ വീണ്ടും കടയിലും സമീപത്തെ പുരയിടത്തിലും നടത്തിയ പരിശോധനയിലാണ് 27 കുപ്പി മദ്യം കൂടി കണ്ടെടുത്തത്. മൊത്തം 30 കുപ്പികളിലായി 12.750 ലിറ്റർ മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളായ ശംഭുവും പാൻപരാഗും പിടികൂടി. മദ്യം വിറ്റ വകയിൽ ലഭിച്ച 900 രൂപയും കണ്ടെടുത്തു. ഓയൂർ, ചടയമംഗലം, അണ്ടൂർ, തുടങ്ങിയ ബിവറേജസ് കോർപറേഷന്റെ വിവിധ മദ്യവിൽപ്പനശാലകളിൽ നിന്ന് ശേഖരിച്ചാണ് മദ്യക്കച്ചവടം നടത്തിവന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ ശല്യം സഹിക്കാൻ കഴിയാതായതിനെത്തുടർന്ന് നാട്ടുകാർ ചടയമംഗലം എക്സൈസ് ഓഫീസിൽ പരാതി നൽകുകയായിരുന്നു. ചടയമംഗലം റേഞ്ച് ഇൻസ്പെക്ടർ എസ്. അനീർഷായുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ , സി.ഇ.ഒമാരായ സബീർ, ബിൻ സാഗർ, ശ്രേയസ്സ് ഉമേഷ്, സുരേഷ്,ഡബ്ല്യു സി ഇ ഒ റിനി , ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.