ffff

ചേർത്തല:ജോലി വാഗ്ദാനം ചെയ്ത് യുവതി ഒരുകോടിയിലധികം രൂപ തട്ടിപ്പു നടത്തിയ കേസിൽ ഭർത്താവും പ്രതിയാകും.യുവതിയെ ചോദ്യം ചെയ്തതിലും പണമിടപാടുകൾ പരിശോധിച്ചതിലുമാണ് ഭർത്താവും കലവൂർ സ്വദേശിയുമായ ഷാരോണിനും തട്ടിപ്പിൽ പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തിയത്.ഇയാളെയും പ്രതിയാക്കുന്നതോടെ തട്ടിപ്പിൽ ഉൾപ്പെട്ടവരുടെ എണ്ണം മൂന്നാകും. ഷാരോണിന്റെ ഭാര്യ തിരുവനന്തപുരം ജെ.എം.അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്ളാ​റ്റിൽ ഇന്ദു(സാറ-35)വിനെയും ഇടനിലക്കാരനായിരുന്ന ചേർത്തല നഗരസഭ 35ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാറിനെയും(53)നെയും ചേർത്തല പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഷാരോണിന്റെ അറസ്​റ്റ് ഉടനെ ഉണ്ടാകുമെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കലവൂരിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഷാരോൺ. കസ്​റ്റഡിയിൽ കിട്ടിയ ഇന്ദുവുമായി പൊലീസ് ചൊവ്വാഴ്ച തിരുവനന്തപുരം മ്യൂസിയം,നെയ്യാ​റ്റിൻകര സ്​റ്റേഷനാകളിലെത്തിച്ച് തെളിവെടുപ്പു നടത്തി.ഇന്ന് ആലപ്പുഴയിൽ തെളിവെടുപ്പു തുടരും. മാനേജ് മെന്റ് സ്‌കൂളുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവർ പിടിയിലായത്. ഇടനിലക്കാരനായിരുന്ന ശ്രീകുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇന്ദു പിടിയിലായത്.