pic

ജനീവ : കൊവിഡ് 10 ന്റെ ഒമിക്രോൺ വകഭേദം ലോകരാജ്യങ്ങളിൽ ആശങ്കാജനകമായി വ്യാപിക്കുന്നതിനിടെ ഭീതി സൃഷ്ടിച്ച് ഉപവകഭേദം. 57 രാജ്യങ്ങളിൽ ഒമിക്രോണിന്റെ ഉപവകഭേദത്തെ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണിനേക്കാൾ വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് അതിന്റെ ഉപവകഭേദം. മിക്ക രാജ്യങ്ങളിൽ ഇത് സാമൂഹ്യ വ്യാപനഘട്ടത്തിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ബി.എ. വൺ, ബി.എ. വൺ. വൺ, ബി.എ. ടു എന്നീ ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് നിലവിൽ പടരുന്നത്. ഇതിൽ ബി.എ. ടു ഉപവകഭേദമാണ് ഒമിക്രോണിനേക്കാൾ തീവ്രം. എന്നാൽ, രോഗികളുടെ നില ഗുരുതരമാകുന്നില്ലെന്നാണ് പ്രാഥമിക വിവരം. വാക്സിനേറ്റഡ് ആയിട്ടുള്ളവരെയും ഈ ഉപവകഭേദം വേഗത്തിൽ പിടികൂടാം.

പല രാജ്യങ്ങളിലും ഈ ഉപവകഭേദം ബാധിച്ചവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ബി.എ. വണ്ണിനെ അപേക്ഷിച്ച് ബി.എ. ടു വേഗത്തിൽ പടരുന്നു എന്നതൊഴിച്ചാൽ ഈ ഉപവകഭേദങ്ങളുടെ കൃത്യമായ സ്വഭാവ സവിശേഷതകൾ സംബന്ധിച്ച പഠനങ്ങൾ നടക്കുന്നതേയുള്ളു. നിലവിൽ ഡെൻമാർക്കിലാണ് ബി.എ. ടു ഉപവകഭേദം ഏറ്റവും കൂടുതൽ.