
കാസർകോട്: വ്യാജരേഖകൾ ഹാജരാക്കി ബാങ്കിൽ നിന്ന് പതിനൊന്നരലക്ഷം രൂപ വായ്പയെടുത്ത കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. ബാങ്ക് മാനേജരും ചില ജീവനക്കാരും ഇടപാടുകാരും അടക്കമുള്ള പ്രതികളെയാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വിട്ടയച്ചത്.
2009 ലാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നും രണ്ടും പ്രതികൾ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ വീട് നിർമ്മാണത്തിനെന്ന് പറഞ്ഞ് വ്യാജരേഖകൾ ഹാജരാക്കുകയും പതിനൊന്നരലക്ഷം രൂപ വായ്പയെടുക്കുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ രേഖയിൽ കാണിച്ച സ്ഥലത്ത് വീട് നിർമ്മിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഈ സ്ഥലത്തിന്റെ വ്യാജരേഖയാണ് ബാങ്കിൽ ഹാജരാക്കിയതെന്ന നിഗമനത്തിൽ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും വായ്പയെടുത്തവർക്ക് പുറമെ ബാങ്ക് മാനേജർ അടക്കമുള്ളവരെ പ്രതികളാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
വായ്പയെടുക്കുന്നതിന് ബാങ്ക് മാനേജരും മറ്റും കൂട്ടുനിന്നുവെന്നതിനാണ് ഇവരെയും പ്രതികളാക്കിയത്. എന്നാൽ കേസിന്റെ വിചാരണവേളയിൽ പ്രതികൾ കുറ്റം ചെയ്തുവെന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് വിട്ടയച്ചത്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ സക്കീർ അഹമ്മദ്, രാജേഷ്, ചന്ദ്രശേഖരൻ, മുഹമ്മദ് ഹനീഫ് തുടങ്ങിയവർ കോടതിയിൽ ഹാജരായി.