
ആന്റിഗ്വ : ആസ്ട്രേലിയയ്ക്ക് എതിരായ അണ്ടർ -19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 40 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ് ഇന്ത്യ.37 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്ന ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച നായകൻ യാഷ് ധുള്ളിന്റെയും (78*) ഷെയ്ഖ് റഷീദിന്റെയും (67*) മികച്ച ബാറ്റിംഗാണ് വലിയൊരു തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്.
ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഇൻഫോം ബാറ്റ്സ്മാൻ അംഗ്രിഷ് രഘുവംശിയെ (6) എട്ടാം ഓവറിൽ നഷ്ടമാകുമ്പോൾ സ്കോർ ബോർഡിൽ 16 റൺസേ ഉണ്ടായിരുന്നുള്ളൂ.സാൽസ്മാൻ അംഗ്രിഷിനെ ക്ളീൻ ബൗൾഡാക്കുകയായിരുന്നു.ടീം സ്കോർ 37ലെത്തിച്ചയപ്പോൾ ഹർനൂർ സിംഗും (16) കൂടാരം കയറി. തുടർന്നാണ് സെഞ്ച്വറി കൂട്ടുകെട്ടുമായി യാഷും ഷെയ്ഖും കളം നിറഞ്ഞത്.