
മുംബയ്: വിവാഹമോചനത്തിന് ശേഷം ഹൃതിക് റോഷനൊപ്പം രാത്രി കണ്ട അജ്ഞാത സുന്ദരി സബാ ആസാദും ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മകൻ ഇമാദ് ഷായുടെ കാമുകിയായിരുന്നെന്ന് വെളിപ്പെടുത്തൽ. ഒരു ദേശീയ മാദ്ധ്യമത്തിന് പണ്ട് ഇരുവരും നൽകിയ അഭിമുഖം സമൂഹമാദ്ധ്യമത്തിൽ വീണ്ടും കുത്തിപ്പൊക്കിയതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
നീണ്ട ഏഴ് വർഷത്തോളം ഇരുവരും ലിവ് ഇൻ ടുഗദർ ആയിരുന്നെന്നും എന്നാൽ 2020ൽ ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞതായും ഇരുവരുടെയും സുഹൃത്തുക്കൾ വ്യക്തമാക്കി. 2013 മുതൽ 2020വരെയായിരുന്നു ഇമാദ് ഷായും സബാ ആസാദും മുംബയിൽ ലിവ് ഇൻ ടുഗദർ റിലേഷനിൽ ആയിരുന്നതെന്നാണ് വാർത്തകൾ.
വർഷങ്ങൾക്ക് മുമ്പ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ടാണ് താൻ ആദ്യമായി സബായെ കാണുന്നതെന്നും ഒരിക്കൽ സുഹൃത്തുക്കളുമായി ഇരിക്കുമ്പോൾ സബാ ഒരു പാട്ട് പാടുകയും അവരുടെ ശബ്ദം തന്നെ വല്ലാതെ ആകർഷിക്കുകയും ചെയ്തെന്ന് ഇമാദ് പറഞ്ഞു. അതിനു ശേഷമാണ് താൻ സബായുമായി കൂടുതൽ അടുത്തതെന്നും ഇമാദ് പറഞ്ഞു. ഇമാദിനും തനിക്കും ഒരേ അഭിപ്രായങ്ങളും താത്പര്യങ്ങളുമാണെന്നും അത്തരത്തിലൊരാളെ പങ്കാളിയായി കിട്ടുന്നത് വളരെ ഭാഗ്യമാണെന്ന് സബായും അതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2008ൽ പുറത്തിറങ്ങിയ ദിൽ കബഡി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സബാ അഭിനയരംഗത്തേക്ക് എത്തുന്നത്.