
ജോഹന്നാസ്‌ബർഗ്: കൊവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നുതന്നെ ഒമിക്രോണിന്റെ ഉപവകഭേദവും കണ്ടെത്തി. തീവ്രവ്യാപനശേഷിയുളള ഒമിക്രോണിനെക്കാൾ അതിവേഗം പടരുന്നതാണ് ഈ ഉപവകഭേദം.
ബിഎ.1, ബിഎ.1.1,ബിഎ.2, ബി.എ3 എന്നിവയാണ് നിലവിൽ പടരുന്ന വകഭേദങ്ങൾ. ഇവയിൽ ബിഎ.2 ആണ് തീവ്രതയേറിയ ഒമിക്രോൺ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 57 രാജ്യങ്ങളിലാണ് ഇതിനകം ഈ ഉപവകഭേദം പടർന്നുപിടിച്ചത്. ഇതിൽ ചില രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഒമിക്രോൺ വകഭേദത്തിൽ പകുതി ഈ ഉപവകഭേദമാണ്. ഇവ തമ്മിലെ സ്വഭാവ വ്യതിയാനങ്ങളെക്കുറിച്ച് വളരെക്കുറച്ച് പഠനങ്ങളെ വന്നിട്ടുളളു. ബിഎ.2ന് ബിഎ.1നെക്കാൾ വ്യാപന നിരക്ക് അൽപം കൂടുതലുണ്ട്.
ആദ്യം റിപ്പോർട്ട് ചെയ്‌ത കൊവിഡ് രോഗത്തെക്കാളും പിന്നീട് കണ്ടെത്തിയ ഡെൽറ്റ വകഭേദത്തെക്കാളും മാരകമാകാനുളള സാദ്ധ്യത ഒമിക്രോണിന് കുറവാണ്. എന്നാൽ വ്യാപനശേഷി കൂടുതലാണ്. കൊവിഡ് രോഗാണുവിന് ഇപ്പോഴും വ്യാപന ശേഷിയുണ്ടെന്നും അത് പരമാവധി കുറയ്‌ക്കുന്നതിനുളള നടപടിയാണ് വേണ്ടതെന്നുമാണ് ലോകാരോഗ്യ സംഘടന ഓർമ്മിപ്പിക്കുന്നത്.