pic

വാഷിംഗ്ടൺ : ' ഇന്ത്യൻ ഇന്റലിജൻസ് സർവീസ് " ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒയിൽ നിന്ന് ' ഡസൻ കണക്കിന് മില്യൺ ഡോളറി"ന്റെ ഇടപാടിലൂടെയാണ് പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയതെന്ന് അമേരിക്കൻ മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണത്തിന്റെ ഭാഗമായ മാദ്ധ്യമപ്രവർത്തകനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിന്റെ ചാര സോഫ്‌‌റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന റിപ്പോർട്ട് അടുത്തിടെയാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടത്. 2017ലെ പ്രതിരോധ കരാർ പ്രകാരം 13,000 കോടി രൂപയ്ക്ക് പെഗാസസും മിസൈൽ സംവിധാനവുമാണ് ഇന്ത്യ വാങ്ങിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിലാണ് പെഗാസസ് വാങ്ങിയതെന്നാണ് കഴിഞ്ഞ ഒരു വർഷമായി നടത്തിയ അന്വേഷണ റിപ്പോർട്ടിനൊടുവിൽ ന്യൂയോർക്ക് ടൈംസ് വിരൽചൂണ്ടുന്നത്. ഇന്ത്യ പെഗാസസ് വാങ്ങിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നില്ല.

അതേ സമയം,​ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം കരാർ അംഗീകരിച്ചതായും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൻ.എസ്.ഒയിലെ എൻജിനിയർമാർ ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നെന്നും ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് അവരുമായി സമ്പർക്കം പുലർത്തിയിരുന്നെന്നും ടെൽ അവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ കറസ്പോണ്ടന്റ് റോനൻ ബെർഗ്‌മാൻ പറയുന്നു.

എന്നാൽ, ഇന്ത്യയുടെ രഹസ്യാന്വേഷണ സർവീസ് എന്ന് ഉദ്ദേശിച്ചത് ഇന്റലിജൻസ് ബ്യൂറോയെ ആണോ അതോ റോ ആണോ അല്ലെങ്കിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴിലുള്ള നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റേതെങ്കിലും ഏജൻസിയാണോ എന്ന് ന്യൂയോർക്ക് ടൈംസോ ബെർഗ്‌മാനോ വ്യക്തമാക്കിയില്ല.