india-

മുംബയ്: വെസ്റ്റിൻഡീസ് പരമ്പര തുടങ്ങാൻ വെറും നാല് ദിവസം മാത്രം അവശേഷിക്കുമ്പോൾ ഇന്ത്യൻ ടീമിൽ കൊവിഡ് പ്രതിസന്ധി. പ്രധാന കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിൽ ഉൾപ്പെട്ട ഏതാനും പേർക്കും കൊവിഡ് പിടിപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ഓപ്പണർമാരായ ശിഖ‌ർ ധവാൻ, റിതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ എന്നിവർക്ക് കൊവിഡ് പിടിപെട്ടതായാണ് വിവരം.

നിലവിൽ അഹമ്മദാബാദിൽ പരമ്പരയ്ക്ക് മുന്നോടിയായുള്ള ക്യാമ്പിലാണ് ഇന്ത്യൻ താരങ്ങൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നടക്കുക. ഇന്ന് ടീമംഗങ്ങൾക്ക് എല്ലാവർക്കും ആർ ടി പി സി ആ‌ർ ടെസ്റ്റ് നടത്തിയിരുന്നെന്നും അതിലാണ് മൂന്ന് കളിക്കാർ പൊസിറ്റീവ് ആയതെന്നും ടീമിനോട് അടുത്ത വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു. പൊസിറ്റീവ് ആയ എല്ലാ കളിക്കാരും ഉടനെ തന്നെ ക്വാറന്റൈനിൽ പോയെന്നും ടീം വൃത്തങ്ങൾ വ്യക്തമാക്കി.

ഫെബ്രുവരി ആറിനാണ് വെസ്റ്റ് ഇൻഡീസുമായുള്ള ആദ്യ മത്സരം. അതിന് മുമ്പായി മൂന്ന് താരങ്ങളും നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷ ടീം മാനേജ്മെന്റിനില്ല. മാത്രമല്ല കൂടുതൽ താരങ്ങൾ പൊസിറ്റീവ് ആകാനുള്ള സാദ്ധ്യതയും മാനേജ്മെന്റ് മുൻകൂട്ടി കാണുന്നുണ്ട്. അതിനാൽ തന്നെ ടീമിൽ പകരക്കാരെ ഉടൻ തിരഞ്ഞെടുക്കുമെന്ന് ബി സി സി ഐ വൃത്തങ്ങൾ വ്യക്തമാക്കി.