
കൊച്ചി: മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ പള്ളിയിലെത്തി പ്രാർത്ഥിച്ച് ദിലീപ്. ആലുവ ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലാണ് ദിലീപ് പങ്കെടുത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടിയാണ് നടൻ പള്ളിയിലെത്തിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഇന്ന് നിർണായക ദിനമാണ്. ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. കൂടാതെ പ്രതികൾ ഹാജരാക്കിയ ഫോണുകൾ പരിശോധിക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.